മിന്നൽ മാലിക്ക്; ‘തല’ ധോണിക്കെതിരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

May 2, 2022

തീപാറുന്ന പന്തുകളാണ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക് എറിയുന്നത്. കൊടുങ്കാറ്റ് പോലെ പാഞ്ഞടുക്കുന്ന ഉമ്രാന്റെ പന്തുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ബാറ്റ്‌സ്മാന്മാർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. ഇപ്പോൾ സീസണിലെ വേഗതയേറിയ പന്തിന്റെ റെക്കോർഡ് വീണ്ടും തിരിച്ചു പിടിച്ചിരിക്കുകയാണ് ഉമ്രാൻ.

ഇന്നലെ ചെന്നൈ സൂപ്പർകിങ്സിനെതിരെ നടന്ന മത്സരത്തിൽ ധോണിക്കെതിരെയാണ് ഉമ്രാൻ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്. പത്തൊൻപതാം ഓവറിൽ ധോണിക്കെതിരെ ഉമ്രാന്‍ എറിഞ്ഞ യോര്‍ക്കറിന് 154 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. ഇതോടെ 153.9 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഗുജറാത്ത് ടൈറ്റൻസിന്റെ ലോക്കി ഫെർഗൂസൻറെ റെക്കോർഡാണ് താരം സ്വന്തമാക്കിയത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ 5 പന്തുകളിൽ 4 പന്തുകളും ഉമ്രാൻ തന്നെയാണ് എറിഞ്ഞത്.

അതേ സമയം ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഒറ്റ മത്സരം കൊണ്ട് ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഉമ്രാൻ മാലിക്ക്. കൊടുങ്കാറ്റ് പോലെയാണ് ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ ഉമ്രാൻ വീശിയടിച്ചത്. 5 വിലപ്പെട്ട ഗുജറാത്ത് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകളാണ് ഉമ്രാൻ മത്സരത്തിൽ പിഴുതത്. ഇതിൽ നാല് വിക്കറ്റുകളും ക്ലീൻ ബൗൾഡ് ആയിരുന്നു.

മത്സരത്തിന് ശേഷം ലോകം മുഴുവനുള്ള കളിപ്രേമികൾ ഉമ്രാനെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു. ലോക ക്രിക്കറ്റിലെ അടുത്ത താരോദയമാണ് ഉമ്രാൻ എന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടത്. ഗുജറാത്തിന്റെ സൂപ്പർ താരങ്ങളായ ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരുടെ സ്റ്റമ്പ് തെറിപ്പിച്ച ജമ്മുവിൽ നിന്നുള്ള ഈ താരത്തെ എത്രയും പെട്ടെന്ന് ഇന്ത്യൻ ദേശീയ ടീമിലെടുക്കണമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്.

Read More: ‘ഞാൻ നേരിട്ട ഏറ്റവും പ്രതിഭയുള്ള ബൗളർ അദ്ദേഹമാണ്’; ഇന്ത്യൻ പേസ് ബൗളറെ പ്രശംസ കൊണ്ട് മൂടി ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രയാം സ്മിത്ത്

ഉമ്രാനെ പ്രശംസിച്ചവരുടെ കൂട്ടത്തിൽ ഹർഭജൻ സിങ്ങും, വസീം ജാഫറും, സഹതാരമായ വാഷിംഗ്‌ടൺ സുന്ദറും, ഹർഷ ഭോഗ്ലെയും അടക്കമുള്ളവരും ഒപ്പം മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരം, കോൺഗ്രസ്സ് നേതാവ് ശശി തരൂർ അടക്കമുള്ളവരും ഉണ്ട്.

Story Highlights: Umran Malik delivers fastest ball in this ipl season