‘യാതൊന്നും പറയാതെ..’- ഉള്ളുതൊട്ട് ‘വാശി’ സിനിമയിലെ ഗാനം

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വാശി’. ചിത്രത്തിലെ ‘യാതൊന്നും പറയാതെ’ എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സിതാര കൃഷ്ണകുമാറും അഭിജിത്ത് അനിൽകുമാറും ചേർന്നാണ് ‘’യാതൊന്നും പറയാതെ’ എന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു.
കൂടാതെ കീർത്തി സുരേഷും ‘യാതൊന്നും പറയാതെ’ എന്ന ഗാനം തന്റെ പ്രിയപ്പെട്ട ഗാനമാണെന്ന് പങ്കുവെച്ചിരിക്കുകയാണ്.വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വാശി’യിൽ ടൊവിനോ തോമസും കീർത്തി സുരേഷും എബിൻ മാത്യുവും മാധവി മോഹനുമായി എത്തുന്നു. എബിൻ മാത്യു, മാധവി മോഹൻ എന്നിവർ അഭിഭാഷകരാണ്.
ജാനിസ് ചാക്കോ സൈമണാണ് വാശിയുടെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററായി മഹേഷ് നാരായണൻ എത്തിയിരിക്കുന്നു. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന് വിനായക് ശശികുമാറാണ് വരികൾ രചിച്ചിരിക്കുന്നത്. സാബു മോഹൻ കലയും ദിവ്യ ജോർജ്ജ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചു. പി വി ശങ്കറാണ് മേക്കപ്പ് മാൻ.
Read Also: ചലച്ചിത്രതാരം നിക്കി ഗൽറാണി വിവാഹിതയായി; ചിത്രങ്ങൾ
കീർത്തി സുരേഷ് നായികയായി ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ട് ഏഴ് വർഷത്തിലേറെയായി. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിലും നടി ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനാൽ തന്നെ വാശി കീർത്തി സുരേഷ് ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്നെയായിരിക്കും.
Story highlights- vashi movie song