എട്ട് വർഷങ്ങൾക്ക് മുൻപ് എന്റെ പേര് പോലും നിങ്ങൾക്കറിയില്ലായിരുന്നു- മനസ് തുറന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യൻ സിനിമ ലോകത്ത് പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരമായി മാറിക്കഴിഞ്ഞതാണ് വിജയ് ദേവരക്കൊണ്ട. കുറഞ്ഞ കാലയളവുകൊണ്ട് ഏറെ ആരാധകരെ നേടിയ താരം ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. എട്ട് വർഷങ്ങൾക്ക് മുൻപ് തന്റെ പേര് പോലും അറിയില്ലായിരുന്നുവെന്നും ഇന്ന് തനിക്ക് പിന്തുണ നൽകാനും തന്നിൽ പ്രതീക്ഷയർപ്പിക്കാനും വിശ്വസിക്കാനും നിങ്ങളുണ്ടെന്നും പറയുന്ന കുറിപ്പാണ് വിജയ് ദേവരക്കൊണ്ട പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘എനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ പിറന്നാൾ ആഘോഷങ്ങൾ നിർത്തിയ ആൾക്ക്, നിങ്ങളുടെ സ്നേഹമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.
എട്ട് വർഷങ്ങൾക്ക് മുൻപ് നിങ്ങൾക്കെന്റെ പേര് പോലും അറിയില്ലായിരുന്നു. ഇന്ന് എനിക്ക് വേണ്ടി നിങ്ങൾ ആർത്ത് വിളിക്കുന്നു, എനിക്ക് പിന്തുണ നൽകുന്നു, എനിക്ക് വേണ്ടി പോരാടുന്നു, എന്നിൽ വിശ്വസിക്കുന്നു എന്നെ സ്നേഹം കൊണ്ട് മൂടുന്നു.
ഈ സ്നേഹം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരിക്കൽ ഞാൻ തിരികെ നൽകും- ആരോഗ്യത്തെയോടെയും സന്തോഷത്തോടെയും ഇരിക്കുക’ – വിജയ് ദേവരക്കൊണ്ട കുറിച്ചു.
അതേസമയം പുരി ജഗന്നാഥ് സംവിധാനം ചെയുന്ന ലൈഗർ ആണ് താരത്തിൻറേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് തെലുങ്ക് ചിത്രം നിർമിക്കുന്നത്. ഈ ചിത്രത്തിലൂടെ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ മൈക്ക് ടൈസൺ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തുന്നത് ബോളിവുഡ് യുവ താരം അനന്യ പാണ്ഡേയാണ്.
Story highlights: vijay deverakonda heartful note