‘വിക്രം’ വരുന്നു; ചിത്രം കേരളത്തിലെത്തിക്കുന്നത് ആർആർആറിന്റെ വിതരണക്കാർ

May 2, 2022

ഒരുപക്ഷെ ഈ അടുത്ത് ഒരു ചിത്രത്തിന് കിട്ടിയിരിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം ‘വിക്രം.’ വലിയ ആവേശത്തോടെയാണ് ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ‘വിക്രം’ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മൂന്ന് പ്രഗത്ഭരായ നടൻമാരെ ചിത്രത്തിൽ ഒരുമിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ഇപ്പോൾ വിക്രത്തെ പറ്റിയുള്ള ഏറ്റവും പുതിയൊരു വാർത്തയാണ് മലയാളി പ്രേക്ഷകർക്ക് ആവേശമാവുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സിനാണ്. ലോകം മുഴുവൻ വമ്പൻ വിജയം നേടിയ എസ് എസ് രാജമൗലിയുടെ ആർആർആർ കേരളത്തിൽ വിതരണം ചെയ്തതും എച്ച് ആർ പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് ഷിബു തമീൻസ് പറഞ്ഞു. ലോകേഷ് കനകരാജ് ഒരു ഫാൻ ബോയ് എന്ന നിലയിൽ കൂടി സംവിധാനം നിർവഹിച്ച ചിത്രമായതിനാൽ വിക്രം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ആകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More: കമൽ ഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും- വിക്രം’ റിലീസ് പ്രഖ്യാപനത്തിനൊപ്പം മേക്കിംഗ് വിഡിയോ പുറത്തുവിട്ടു

അതേ സമയം ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘വിക്രം’ ജൂൺ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമെന്ന് കമൽ ഹാസൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. റിലീസ് തീയതി പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ഒരു മേക്കിംഗ് വിഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.

Story Highlights: Vikram distribution in kerala