കമൽ ഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും- വിക്രം’ റിലീസ് പ്രഖ്യാപനത്തിനൊപ്പം മേക്കിംഗ് വിഡിയോ പുറത്തുവിട്ടു

March 14, 2022

കമൽ ഹാസൻ നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേക്കിംഗ് വിഡിയോയിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂൺ 3 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ട്വിറ്ററിൽ വാർത്ത പങ്കുവെച്ചുകൊണ്ട് കമൽ ഹാസൻ കുറിച്ചു, ‘ഞങ്ങളുടെ “വിക്രം” ലോകമെമ്പാടും തിയേറ്ററുകളിൽ ജൂണിൽ റിലീസ് ചെയ്യുന്നതിനായി ഞാൻ ശ്വാസമടക്കി കാത്തിരിക്കുകയാണ്’.

റിലീസ് തീയതി പ്രഖ്യാപനത്തിനൊപ്പം, ആക്ഷൻ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടു. ആവേശം പകരുന്ന ആക്ഷൻ സീക്വൻസുകൾ വിഡിയോയിൽ കാണാം. മൂന്ന് എതിരാളികളെ പോലെ കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ്‌ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.

Read Also: സംവിധാന തൊപ്പിയണിഞ്ഞ് മോഹൻലാൽ; പുത്തൻ ലുക്ക് ശ്രദ്ധനേടുന്നു

ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ശിവാനി നാരായണൻ, കാളിദാസ് ജയറാം, നരേൻ, ആന്റണി വർഗീസ്, അർജുൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസന്റെ നിർമ്മാണത്തിൽ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

Story highlights- vikram movie release date announced