“പത്തലെ പത്തലെ..”; കമൽ ഹാസൻ-ഫഹദ് ഫാസിൽ ചിത്രം വിക്രത്തിലെ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്ത്

May 11, 2022

ജൂൺ 3 നാണ് ഉലകനായകൻ കമൽ ഹാസൻ നായകനാവുന്ന ‘വിക്രം’ തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിലാക്കിയാണ് “പത്തലെ പത്തലെ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തു വന്നത്. പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന കമല ഹാസനെയും ഗാനത്തിൽ ദൃശ്യമാണ്. താരം ചുവട് വയ്ക്കുന്ന ഗാനത്തിലെ ഒരു ദൃശ്യവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: ആർആർആറിന് ശേഷം രാജമൗലിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; നായകൻ മഹേഷ് ബാബു

അതേ സമയം ഈ വരുന്ന മെയ് 15 നാണ് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ചുകൾ നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സേവ് ദി ഡേറ്റ് പോസ്റ്ററിലൂടെയാണ് ഹോട്ട്സ്റ്റാർ ചടങ്ങിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ഓഡിയോ, ട്രെയ്‌ലർ ലോഞ്ചുകൾ നടക്കുന്നത്. 100 കോടിയോളം രൂപയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഓൺലൈൻ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. റിലീസിന് മുൻപ് തന്നെ നടന്ന ചിത്രത്തിന്റെ ഈ വമ്പൻ ഓൺലൈൻ ബിസിനസ്സ് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Story Highlights: Vikram song lyric video released