സുന്ദരനോ സൂരിയനോ… ജഡ്ജസിന്റെ പ്രശംസ ഏറ്റുവാങ്ങി വീണ്ടും വൈഗാലക്ഷ്മി

May 7, 2022

ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞതാണ് ടോപ് സിംഗർ വേദിയിലെ കൊച്ചുഗായിക വൈഗാലക്ഷ്മി. ഗംഭീരമായ ആലാപനംകൊണ്ട് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മനോഹരഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ ഈ കുഞ്ഞുമോൾ. സുന്ദരനോ സൂരിയനോ ഇന്ദിരനോ എന്‍ ചന്ദിരനോ… എന്ന ഗാനമാണ് വൈഗാലക്ഷ്മി ആലപിക്കുന്നത്.

ജയറാം നായകനായ കനകസിംഹാസനം എന്ന ചിത്രത്തിലെ ഗാനമാണിത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകി സുജാത മോഹൻ ആലപിച്ച ഗാനം ഒരിക്കൽ കൂടി സംഗീതപ്രേമികളിലേക്ക് എത്തിക്കുകയാണ് വൈഗാലക്ഷ്മി. ആലാപനത്തിൽ അതിശയിപ്പിക്കുന്ന ഈ കുരുന്നിനെ വാനോളം പ്രശംസിക്കുന്നുമുണ്ട് ടോപ് സിംഗർ വേദിയിലെ വിധികർത്താക്കൾ.

ആലാപനത്തിലെ മാന്ത്രികതകൊണ്ട് സംഗീതവേദിയെ അനുഗ്രഹീതവേദിയാക്കി മറ്റാറുണ്ട് ടോപ് സിംഗർ വേദിയിലെ പല കുരുന്നുകളും. അത്തരത്തിൽ നിരവധി മുഹൂർത്തങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിനോടകം സാക്ഷിയായി മാറിയതാണ്. നൂറിൽ നൂറ് മാർക്കും നേടിയ വൈഗാലക്ഷ്മിയുടെ പാട്ടിനെ ഇരുകൈകളും നീട്ടി ഏറ്റെടുത്ത പ്രേക്ഷകർക്കിടയിലേക്ക് മറ്റൊരു മനോഹര ഗാനവുമായി വീണ്ടുമെത്തുകയാണ് കുട്ടനാട്ടുകാരി വൈഗകുട്ടി.

ടോപ് സിംഗർ രണ്ടാം സീസണിൽ മത്സരിക്കാനെത്തുന്നതിന് മുൻപ് തന്നെ വൈറൽ ഗായികയായി മാറിയതാണ് വൈഗകുട്ടി. വൈഗാലക്ഷ്മിയുടെ തീരെ ചെറുപ്പത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു. അച്ഛനൊപ്പം വൈഗാലക്ഷ്മി പാടുന്ന വിഡിയോയായിരുന്നു ഇത്. ‘മിനുങ്ങും മിന്നാമിനുങ്ങേ..’ എന്ന ഗാനമാണ് അച്ഛനും മകളും ചേർന്ന് പാടിയത്. മധുരമായി മകൾ പാടുമ്പോൾ അച്ഛന്റെ കണ്ണ് നിറയുകയും ശബ്ദമിടറി പാട്ടു പാതിവഴിയിൽ നിർത്തുകയുമാണ്. എന്നാൽ, അച്ഛന് പതറിയിട്ടും മകൾ നിർത്തിയില്ല. അതിമനോഹരമായി വൈഗാലക്ഷ്മി ഗാനം പൂർത്തിയാക്കി.

Story highlights: Viral Singer VaigaLakshmi Gets Big Round of Applause