വീട്ടുജോലിക്കെത്തിയ ആളെ അണിയിച്ചൊരുക്കിയും ഇഷ്ടഭക്ഷണം വാങ്ങിനൽകിയും യുവാവ്- കൈയടിച്ച് സോഷ്യൽ മീഡിയ

May 15, 2022

വീട്ടിൽ ജോലിക്കെത്തുന്ന ആളുകളോട് നന്നായി പെരുമാറാൻ പലരും മടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം വീട്ടിൽ ജോലിക്കായി എത്തിയ സ്ത്രീയെ വളരെ സ്നേഹത്തോടെ ചേർത്തു നിർത്തുന്ന അനീഷ് ഭഗത്ത് എന്ന യുവാവിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വീട്ടിൽ ജോലിക്കെത്തിയ യുവതിയെ ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി മേക്കോവർ നടത്തിയും ഷോപ്പിങ്ങിന് കൊണ്ടുപോയും ഇഷ്ടഭക്ഷണങ്ങൾ വാങ്ങി നൽകിയുമാണ് ഈ യുവാവ് അവരെ ചേർത്തുനിർത്തുന്നത്.

ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി ഇവരെ മേക്കോവർ നടത്തുന്നതും വിഡിയോയിൽ കാണാം. മേക്കോവർ നടത്തുമ്പോൾ സന്തോഷത്താൽ അവരുടെ കണ്ണുകൾ നിറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഈ സമയത്ത് അവരെ സ്നേഹത്തോടെ ചേർത്തുനിർത്തുന്നുണ്ട് അനീഷ്. അവക്ക് പിസ്ത പോലുള്ള ഭക്ഷണങ്ങൾ വാങ്ങി നൽകുന്നതും വിഡിയോയിലുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിൽ അനീഷ് പങ്കുവെച്ച ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ‘വീടുകളിൽ ജോലിക്കെത്തുന്ന ആളുകളോട് മോശമായി പെരുമാറുന്ന നിരവധിയാളുകളെ ഞാൻ കണ്ടിട്ടുണ്ട്. ഒരാൾ നിങ്ങളെ സാമ്പത്തീകമായി ആശ്രയിക്കുന്നു എന്നത് അവരെ നിങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള അവസരം നൽകുന്നു എന്നല്ല. മറിച്ച് നാം എല്ലാവരും മനുഷ്യരാണ്. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ എല്ലാവർക്കും പരസ്പരം ദയ കാണിക്കാം.’ എന്ന അടിക്കുറുപ്പോടെയാണ് അനീഷ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

Read also: 30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ

അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവാവിന്റെ ഈ പ്രവർത്തി എല്ലാവർക്കും മാതൃകാപരം ആണെന്നും വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ നമുക്ക് കീഴിൽ ജോലി ചെയ്യുന്നവരോട് പരസ്പരം കരുണയുടെയും സ്നേഹത്തോടെയും പെരുമാറണം എന്നുമാണ് വിഡിയോയ്ക്ക് പലരും കമന്റുകൾ നൽകുന്നത്.

Story highlights; Viral video of boy makeover house maid