അപൂർവ്വ റെക്കോർഡിലേക്കടുത്ത് വിരാട് കോലി; ചെന്നൈയ്ക്കെതിരെയുള്ള ആദ്യ പന്തുകളിൽ നേട്ടത്തിന് സാധ്യത
കഴിഞ്ഞ കുറച്ചു നാളുകളായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ദേശീയ ടീമിന് വേണ്ടിയും ഐപിഎല്ലിൽ ആർസിബിക്ക് വേണ്ടിയും നിറം മങ്ങിയ പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരുന്ന കോലി വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങി കൊണ്ടിരുന്നത്. കോലി എന്ന ക്രിക്കറ്റ് താരത്തിന്റെ പ്രതാപ കാലം കഴിഞ്ഞു എന്ന് വരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയായിരുന്നു കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ കോലി നേടിയ അർധ സെഞ്ചുറി. തൊട്ട് മുൻപുള്ള മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോലിക്ക് വലിയ ആശ്വസമാണ് ഈ പ്രകടനം നൽകിയത്. 53 പന്തിൽ നിന്ന് 58 റൺസ് അടിച്ചു കൂട്ടിയിട്ടാണ് കോലി മത്സരത്തിൽ പുറത്തായത്.
ഇപ്പോൾ ഐപിഎല്ലിൽ ഒരു അപൂർവ്വ റെക്കോർഡാണ് വിരാട് കോലിയെ കാത്തിരിക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ 5000 പന്തുകൾ നേരിടുന്ന ആദ്യ താരമാവാൻ തയാറെടുക്കുകയാണ് കോലി. അഞ്ച് പന്തുകൾ കൂടി നേരിട്ടാൽ ഈ അപൂർവ്വ നേട്ടം താരം സ്വന്തമാക്കും.
അതേ സമയം ഇന്ന് രാത്രി ഏഴരയ്ക്ക് പുനെയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. 10 കളികളിൽ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുള്ള ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം കണ്ടെത്തിയാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കഴിയൂ. വിരാട് കോലിയും നായകൻ ഫാഫ് ഡുപ്ലെസിയും ഫോമിലേക്ക് ഉയരേണ്ടത് ബാംഗ്ലൂരിന് അത്യാവശ്യമാണ്.
Story Highlights: Virat kohli near ipl record