30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ
ഇരുപതാം വയസിൽ വിവാഹിതയായതാണ് തമിഴ്നാട് തൂത്തുക്കുടിയിലെ കടുനായ്ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ. വിവാഹശേഷം പതിഞ്ചാം നാൾ ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭർത്താവ് മരിക്കുമ്പോൾ ഗർഭിണിയായിരുന്ന പേച്ചിയമ്മാളിന് പിന്നീട് നിരവധി ദുരനുഭവങ്ങൾ ജീവിതത്തിൽ നേരിടേണ്ടിവന്നു. ഈ അനുഭവങ്ങളാണ് പേച്ചിയമ്മാളിനെ മുത്തുവായി മാറ്റിയത്. ഒന്നും രണ്ടുമല്ല കഴിഞ്ഞ 30 വർഷമായി ആൺവേഷം കെട്ടി ജീവിക്കുകയാണ് പേച്ചിയമ്മാൾ. പേച്ചിയമ്മാൾ മുത്തുവായതിന് പിന്നിലുമുണ്ട് ഏറെ കാരണങ്ങൾ. സ്വന്തം മകളെ പോറ്റുന്നതിന് വേണ്ടിയായിരുന്നു സ്ത്രീ വേഷത്തിലേക്ക് പേച്ചിയമ്മാൾ മാറിയത്.
ഇരുപത്തിയൊമ്മത്തെ വയസിലാണ് പേച്ചിയമ്മാൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് പേച്ചിയമ്മാളിന്റെ കുടുംബം അവരെ മറ്റൊരു വിവാഹത്തിനായി നിർബന്ധിച്ചുവെങ്കിലും അവർ അതിന് തയാറായില്ല. കുഞ്ഞിനെ പോറ്റുന്നതിനായി നിരവധി ഇടങ്ങളിൽ ജോലി അന്വേഷിച്ചിറങ്ങിയ ഇവർക്ക് ഒരുപാട് ദുരനുഭവങ്ങളും നേരിടേണ്ടിവന്നു. ഒരു സ്ത്രീയായതിന്റെ പേരിൽ മാത്രം പലതും നിഷേധിക്കപ്പെട്ടതും വിവിധ രീതിയിലുള്ള ചൂഷണങ്ങൾ നേരിടേണ്ടിവന്നതും പേച്ചിയമ്മാളിനെ പുരുഷനിലേക്കുള്ള രൂപമാറ്റത്തിന് നിർബന്ധിപ്പിച്ചു.
27 മത്തെ വയസിലാണ് ഇവർ മുത്തുവായി മാറുന്നത്. അന്ന് മുതൽ കഴിഞ്ഞ മുപ്പത് വർഷമായി ഇവർ ഒരു പുരുഷനായാണ് ജീവിക്കുന്നത്. ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പൊറോട്ട അടിക്കാനും, ചായ ഉണ്ടാക്കാനും ഒക്കെ തുടങ്ങിയതോടെ മുത്തു പതുക്കെ മുത്തു മാസ്റ്ററുമായി. ചായക്കടകളിലെ പണിക്കൊപ്പം പെയിന്റിങ് പണിക്ക് പോയും മുത്തു മകളെ വളർത്തി. മകൾക്ക് നല്ല വിദ്യാഭ്യാസവും നൽകിയ മുത്തു പിന്നീട് അവളെ വിവാഹം കഴിപ്പിച്ചും അയച്ചും.
എന്നാൽ പ്രായം കൂടിയതോടെ ആരോഗ്യപ്രശ്നങ്ങളും മുത്തുവിന് ഉണ്ടായി. പഴയപോലെ പണിക്കൊന്നും പോകാൻ കഴിയാതെ വന്നതോടെ അവൾ തന്റെ മക്കൾക്കും കുടുംബത്തിനും മാത്രം അറിയാവുന്ന ആ രഹസ്യം പുറത്തുവിട്ടു. എന്നാൽ രേഖകൾ ഉൾപ്പടെയുള്ളവ മുത്തുവെന്ന പേരിലായതിനാൽ അവൾക്ക് യാതൊരു സഹായങ്ങളും എവിടെനിന്നും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് മുത്തു തന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തിയത്.
Story highlights: Woman Guises Herself As A Man For Three Decades To Raise Daughter