കൈകളില്ല പക്ഷെ; ഹൃദയംതൊട്ട് കുഞ്ഞിനെ അണിയിച്ചൊരുക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ

May 10, 2022

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി വാട്സാപ്പ് സ്റ്റാറ്റസുകളിലും സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ പ്രചരിക്കുകയാണ് കുഞ്ഞിനെ അണിയിച്ചൊരുക്കുന്ന ഒരു അമ്മയുടെ ദൃശ്യങ്ങൾ. രണ്ട് വർഷങ്ങൾക്ക് മുൻപ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ‘അമ്മ സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃക എന്ന തരത്തിൽ മാതൃദിനത്തിലാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായത്. കൈകാലുകൾ ഇല്ലാത്ത യുവതി സ്വന്തം കുഞ്ഞിനെ അണിയിച്ചൊരുക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ആര്‍ട്ടിസ്റ്റായ സാറ തല്‍ബിയാണ് വിഡിയോയിലെ ‘അമ്മ. സാറ തന്നെ തന്റെ യുട്യൂബ് ചാനലിലൂടെ മുൻപ് പങ്കുവെച്ചതാണ് ഈ വിഡിയോ. ജന്മനാ കൈകാലുകൾ ഇല്ലാതെയാണ് സാറ തല്‍ബി ജനിച്ചത്. വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച സാറ ജീവിതത്തിലുണ്ടായ നിരവധി വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ചാണ് നിരവധി ആളുകൾക്ക് പ്രചോദനമാകുന്ന പെൺകരുത്തായി മാറിയത്.

Read also: ഇരുപത്തിമൂന്നാം ആഴ്ചയിൽ 0.45 കിലോഗ്രാം ഭാരവുമായി ജനിച്ചു; വിരലോളം മാത്രം വലിപ്പമുള്ള കയ്യും കാലും- അത്ഭുത ശിശുവിന്റെ അതിജീവനകഥ

ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളിൽ തളർന്നുപോകുന്ന നിരവധിപ്പേർക്ക് മാതൃകയാകുന്ന സാറ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ജീവിതത്തെക്കുറിച്ച് ആളുകളെ അറിയിക്കുന്നത്. അത്തരത്തിൽ സ്വന്തം കുഞ്ഞിനെ ഒരുക്കുന്നതിന്റെ ചിത്രങ്ങൾ സാറ തന്നെ മുൻപ് പങ്കുവെച്ചതാണ്. കുഞ്ഞിനെ കാലുകള്‍ കൊണ്ട് ഉടുപ്പണിയിക്കുന്നതിനിടെ കുഞ്ഞിനോട് രസകരമായി സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ വീണ്ടും വൈറലായതോടെ സാറയ്ക്കും കുഞ്ഞിനും ആശംസകളുമായി എത്തുന്നവരും ഒരുപാടുണ്ട്. മാതൃദിനത്തിലെ ഏറ്റവും മനോഹരമായ കാഴ്ച, ‘അമ്മ- മക്കൾ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും തടസമാകില്ല… തുടങ്ങി നിരവധി കമന്റുകളാണ് ഈ ദൃശ്യങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Woman without arms dresses child-Video goes viral