ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തിനുള്ള ലോക റെക്കോർഡ് സൃഷ്ടിച്ച് സ്റ്റിംഗ്രേ; 300 കിലോഗ്രാം ഭാരം!
300 കിലോഗ്രാം ഭാരമുള്ള ഭീമൻ സ്റ്റിംഗ്രേ ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമായി റെക്കോർഡ് സ്ഥാപിച്ചു. ജൂൺ 13 ന് മെകോംഗ് നദിയിൽ 42 കാരനായ മൗൾ തുൻ എന്ന മത്സ്യത്തൊഴിലാളിയാണ് ഭീമൻ മത്സ്യത്തെ വലയിൽ കുരുക്കിയത്. കരയിലെത്തിച്ച ശേഷം വണ്ടേഴ്സ് ഓഫ് മെകോംഗ് ഗവേഷണ പദ്ധതിയിലെ ശാസ്ത്രജ്ഞരുടെ സംഘവുമായി മൗൾ തുൻ ബന്ധപ്പെടുകയായിരുന്നു.
വണ്ടേഴ്സ് ഓഫ് ദി മെകോങ്ങിന്റെ പ്രസ്താവന പ്രകാരം, മൂക്ക് മുതൽ വാൽ വരെ ഏകദേശം 13 അടി നീളവും 300 കിലോഗ്രാമോളം ഭാരവും ഉണ്ട്. പഠനത്തിന് ശേഷം, ശാസ്ത്രജ്ഞർ മത്സ്യം ആരോഗ്യമുള്ള ഒരു പെൺ ഭീമൻ സ്റ്റിംഗ്രേ ആണെന്ന് കണ്ടെത്തി.2005-ൽ തായ്ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാമുള്ള മെക്കോംഗ് ഭീമൻ ക്യാറ്റ്ഫിഷ് സ്ഥാപിച്ച റെക്കോർഡാണ് ഇത് തകർത്തത്. ‘ബോറമി’ എന്നാണ് പുതിയ റെക്കോർഡ് സ്ഥാപിച്ച മത്സ്യത്തിന്നൽകിയ പേര്.
‘ഇത്രയും വലിപ്പമുള്ള ഒരു മത്സ്യത്തെ പ്രത്യേകിച്ച് ശുദ്ധജലത്തിൽ കാണുമ്പോൾ കൗതുകരമാണ്. അതിനാൽ ഞങ്ങളുടെ ടീമിലെല്ലാവരും സ്തംഭിച്ചുപോയി’ -വണ്ടേഴ്സ് ഓഫ് ദി മെകോംഗ് തലവൻ സെബ് ഹോഗൻ പറയുന്നു. ശുദ്ധജല നദികളിൽ നീന്തുമ്പോൾ അവയുടെ ചലനം നിരീക്ഷിക്കാനും അവയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതലറിയാനും ശാസ്ത്രജ്ഞരുടെ സംഘം ഭീമൻ മത്സ്യത്തെ നിരീക്ഷിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
റെക്കോർഡ് ഭേദിച്ച മീന്‍പിടുത്തതിന് ശേഷം മൗൾ തുൻ എന്ന വ്യക്തിക്ക് ഏകദേശം 600 ഡോളർ പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെയും ബോർണിയോയിലെയും വലിയ നദികളിലും അഴിമുഖങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മൽസ്യമാണിത്.
Story highlights- 300 kg stingray sets world record for the largest freshwater fish