“എൻ സർവ്വമേ..”; രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ലിയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ റിലീസ് ചെയ്‌തു

June 9, 2022

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കന്നഡ സൂപ്പർ താരം രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി.’ കന്നഡ സിനിമയിലെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ശബ്‌ദമായി മാറിയ യുവനടനാണ് രക്ഷിത് ഷെട്ടി. അഭിനയത്തോടൊപ്പം തിരക്കഥ രചനയിലും സജീവമായിട്ടുള്ള നടൻ ‘ഉള്ളിടവറു കണ്ടന്തേ’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്. നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരം കന്നഡയിലെ പുതുതലമുറ സിനിമയിലെ നിർണായക സാന്നിധ്യം കൂടിയാണ്.

അതിനാൽ തന്നെ നടന്റെ ഓരോ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകരും നിരൂപകരും ഒരേ പോലെ കാത്തിരിക്കുന്നത്. 777 ചാർലിക്കായും വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. “എൻ സർവ്വമേ..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌.

അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു. നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, പൃഥ്വിരാജ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത്. ഒരു ഫീൽ ഗുഡ് മൂവിയായി ഒരുങ്ങുന്ന ചിത്രം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ സൂപ്പർതാരം പൃഥ്വിരാജാണ് ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്.

Read More: ‘ഔദ്യോഗികമായി ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു’-വിവാഹദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി വിഘ്‌നേഷ് ശിവൻ

Story Highlights: 777 charlie song lyrical video released