വർഷങ്ങളുടെ കാത്തിരിപ്പ് പൂർത്തിയാവുന്നു; ‘ആടുജീവിതം’ അവസാന ഷെഡ്യൂൾ പത്തനംതിട്ടയിൽ ഷൂട്ടിംഗ് ആരംഭിച്ചു
ബെന്യാമിന്റെ ‘ആടുജീവിതം’ പുറത്തു വന്ന നാൾ മുതൽ മലയാളികൾ കാത്തിരിക്കുന്നതാണ് നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. വർഷങ്ങൾക്ക് മുൻപ് തന്നെ സംവിധായകൻ ബ്ലെസ്സി പൃഥ്വിരാജിനൊപ്പം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.
കൊവിഡ് അടക്കമുള്ള എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ചിത്രം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രീകരണത്തിനായി നടൻ പൃഥ്വിരാജ് വീണ്ടും ജോർദാനിലേക്ക് പോയിരുന്നു. ജോർദാനിലെ ഷൂട്ടിങ്ങിന് ശേഷം നടൻ തിരിച്ചെത്തിയതൊക്കെ വലിയ വാർത്തകളായിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന ഷെഡ്യൂൾ തുടങ്ങിയിരിക്കുകയാണ്. പത്തനംതിട്ട റാന്നിയിലാണ് അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ജയിൽ രംഗങ്ങളാണ് റാന്നിയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. പത്തനംതിട്ടയിൽ തന്നെയാണ് 2018 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. 4 വർഷത്തെ കാത്തിരിപ്പ് പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരൊക്കെ.
ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് ഇത്രയും നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉണ്ടാവുന്നത്. 160 ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എന്നാൽ ഇത് പൂർത്തിയാക്കാൻ നാലര വർഷത്തോളമെടുത്തു. ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകരും സിനിമാലോകവും. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More: ‘ജോർദാനിലെ ‘ആടുജീവിതം’ പൂർത്തിയായി, ഇനി നാട്ടിലേക്ക്..’- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
ഏ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. റഹ്മാൻ ജോർദാനിലെ സെറ്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കെ എസ് സുനിൽ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ അമല പോളും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights: Aadujeevitham final schedule shooting begins at pathanamthitta