‘ജോർദാനിലെ ‘ആടുജീവിതം’ പൂർത്തിയായി, ഇനി നാട്ടിലേക്ക്..’- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

June 15, 2022

ഒന്നിലധികം തവണ കാലതാമസങ്ങൾ നേരിട്ടും നീണ്ട കാത്തിരിപ്പിനും ശേഷം, പൃഥ്വിരാജ് സുകുമാരൻ തന്റെ അഭിലാഷ പദ്ധതിയായ ആടുജീവിതത്തിന്റെ ജോർദാൻ ഷെഡ്യൂൾ പൂർത്തിയാക്കി. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുഴുവൻ വിദേശ ഷെഡ്യൂളും അവസാനിച്ചിരിക്കുകയാണ്. ആടുജീവിതം ലുക്കിനോട് വിട പറഞ്ഞ പൃഥ്വിരാജ് സുകുമാരൻ തന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജ് ലൊക്കേഷനിൽ നിന്നുള്ള ചിത്രത്തിലൂടെയാണ് പങ്കുവെച്ചത്. ‘ആടുജീവിതം വിദേശ ഷെഡ്യൂളുകൾ പൂർത്തിയായി. ഇനി നാട്ടിലേക്ക്,,എന്തൊരു യാത്രയായിരുന്നു’- നടൻ കുറിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ ബ്ലെസിയുടെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കേരള ഷെഡ്യൂളിൽ അവസാനിക്കും. 10-11 ദിവസത്തെ മിനി ഷെഡ്യൂളിൽ കേരളത്തിൽ നിർമ്മിച്ച പ്രത്യേക സെറ്റിലാണ് ചിത്രത്തിന്റെ പൂർത്തിയാകാത്ത ഭാഗങ്ങൾ ചിത്രീകരിക്കുക.

അതേസമയം, പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും അവരുടെ മകൾ അലംകൃതയും അദ്ദേഹത്തെ കാണാനായി ജോർദാനിലേക്ക് പോയത് വാർത്തയായിരുന്നു. ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രശസ്ത ചലച്ചിത്രകാരൻ ബ്ലെസിയാണ് ‘ആടുജീവിതം’ സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഈ വേഷത്തിനായി ശരീരഭാരം കുറച്ച് രൂപാന്തരം വരുത്തിയത് ശ്രദ്ധനേടിയിരുന്നു.

Read Also: വിവാഹ ആൽബത്തിൽ വധുവിന്റെ ചിരിക്കുന്ന ചിത്രങ്ങളില്ല; 8 വർഷങ്ങൾക്ക് ശേഷം വിവാഹം പുനരാവിഷ്ക്കരിച്ചപ്പോൾ- വിഡിയോ

രണ്ട് വർഷത്തിലേറെയായി ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. എആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രവർത്തകർ, ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story highlights- Prithviraj Sukumaran Wraps Up Aadujeevitham Jordan Schedule