വിവാഹ ആൽബത്തിൽ വധുവിന്റെ ചിരിക്കുന്ന ചിത്രങ്ങളില്ല; 8 വർഷങ്ങൾക്ക് ശേഷം വിവാഹം പുനരാവിഷ്ക്കരിച്ചപ്പോൾ- വിഡിയോ

June 14, 2022

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിൽ ഒന്നാണ് വിവാഹ ദിവസം. അവർ എന്നെന്നും നെഞ്ചിലേറ്റുന്ന ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കുന്ന ഒരു ദിവസം. മിക്കവാറും എല്ലാ പെൺകുട്ടികൾക്കും അത് സന്തോഷത്തിന്റെ ദിനമാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നവർ ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാനാകുന്ന ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലാകും വിവാഹ ദിവസത്തിൽ. എന്നാൽ, വിവാഹദിനം നൊമ്പരത്തിന്റെയും സങ്കടങ്ങളുടെയും ആശങ്കയുടേതുമായാലോ?

വിവാഹ ദിനത്തിൽ സന്തോഷിക്കാൻ സാധിച്ചില്ലെങ്കിൽ അതിന്റെ കുറവ് പ്രതിഫലിക്കുന്നത് വിവാഹ ആൽബത്തിലാണ്. ചിരിയില്ലാതെ നൊമ്പരം നിറഞ്ഞു തുളുമ്പുന്ന മുഖവുമായി അങ്ങനെ വിവാഹ ചിത്രങ്ങൾ മോശമായിപോയതിന്റെ അനുഭവമമുണ്ട് വെഞ്ഞാറമൂട് സ്വദേശികളായ അനീഷും രജിതയും.

ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. എന്നാൽ രജിതയുടെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടമാകുമെന്ന പേടിയും ദുഃഖവും രജിതയുടെ മുഖത്ത് പ്രകടമാണ്. അതോടൊപ്പം അധ്യാപികയായ താൻ ഒളിച്ചോടുന്നതിലുള്ള കുറ്റബോധവും രജിതയ്ക്ക് ഉണ്ടായിരുന്നു. വിവാഹശേഷം കാറും കോളും ഒഴിഞ്ഞ് കുടുംബം ഒന്നായെങ്കിലും ദുഃഖം അവശേഷിച്ചത് ആ വിവാഹ ആൽബത്തിൽ ആയിരുന്നു.

Read Also: ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിന് ശേഷം ഇരുവരും ചിരിയോടെ ആ ചിത്രങ്ങൾ വീണ്ടും പകർത്തിയിരിക്കുകയാണ്. ഒരിക്കൽ തുറക്കാൻ പോലും ഇഷ്ടമില്ലാതിരുന്ന വിവാഹ ആൽബത്തിന് പകരം രജിതയുടെ നിറചിരി ചിത്രങ്ങളാണ് ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

Story highlights- wedding album recreated after 8 years