‘നരസിംഹം’ ജനങ്ങൾ ഏറ്റെടുക്കുമോ എന്ന് ഭയപ്പെട്ടിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ

June 16, 2022

പൂവള്ളി ഇന്ദുചൂഡൻ എന്ന മോഹൻലാൽ കഥാപാത്രത്തെ ഹൃദയത്തിൽ ഏറ്റെടുത്തതാണ് മലയാളി പ്രേക്ഷകർ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ചിത്രം  മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം കൂടിയായിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായ അനുരാധയായി വേഷമിട്ടത് ഐശ്വര്യയാണ്.

തമിഴ്‍നാട്ടിൽ ജനിച്ചുവളർന്ന ഐശ്വര്യ മലയാളം ഉൾപ്പെടെ നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ്. ഒളിയമ്പുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ പിന്നീട് ജാക്ക്പോട്ട്, ബട്ടർഫ്‌ളൈസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അഭിനയിച്ച മലയാളം ചിത്രമാണ് നരസിംഹം. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും, ആ സിനിമ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചുമെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഐശ്വര്യ.

Read also: കാക്കേ ഇങ്ങോട്ട് ഇറങ്ങ്, നിന്റെ തൂവൽ ഒരെണ്ണം ചാടി പോയി.. ഇന്നാ ഇതെടുത്തോ; നിഷ്കളങ്കതയും കുസൃതിയും നിറച്ച് കുരുന്നുകളുടെ വിഡിയോ

ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സിനിമിജീവിതത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നരസിംഹം ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടപ്പോൾ സിനിമ ആളുകൾ ഏറ്റെടുക്കില്ല എന്നാണ് താൻ ആദ്യമായി കരുതിയത് എന്നാണ് താരം പറഞ്ഞത്. തമിഴ്, തെലുങ്ക് ചിത്രങ്ങൾ കാണുന്നതുപോലെയാണ് സീനിൽ മോഹൻലാൽ വരുമ്പോൾ സിംഹത്തെ കാണിക്കുന്ന ഭാഗം കണ്ടപ്പോൾ തനിക്ക് തോന്നിയതെന്നും അക്കാലത്ത് അത്തരം ചിത്രങ്ങൾ മലയാളത്തിൽ ഇല്ലാതിരുന്നതിനാൽ ഈ ചിത്രം ഒരു ബോക്സ് ഓഫീസ് പരാജയം ആയിരിക്കുമെന്നാണ് കരുതിയതെന്നും താരം പറഞ്ഞു. പിന്നീട് സിനിമ വമ്പൻ ഹിറ്റായി എന്നറിഞ്ഞപ്പോൾ മലയാളി ആസ്വാദകർ എല്ലാത്തരം ചിത്രങ്ങളെയും ഏറ്റെടുക്കുന്നവർ ആണെന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നിയെന്നും ആ ചിത്രം തന്റെ കരിയറിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണെന്നും പറയുകയാണ് താരം.

Story highlights: Actor Aishwarya about her Narasimham movie with Mohanlal