കാക്കേ ഇങ്ങോട്ട് ഇറങ്ങ്, നിന്റെ തൂവൽ ഒരെണ്ണം ചാടി പോയി.. ഇന്നാ ഇതെടുത്തോ; നിഷ്കളങ്കതയും കുസൃതിയും നിറച്ച് കുരുന്നുകളുടെ വിഡിയോ

June 16, 2022

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാറുള്ളതാണ് കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങളും വിഡിയോകളും. നിഷ്കളങ്കത നിറഞ്ഞ കുരുന്നുകളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ നിഷ്കളങ്കമായ ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.

മരക്കൊമ്പിൽ ഇരിക്കുന്ന കാക്കയെ താഴേക്ക് വിളിക്കുന്ന രണ്ട് കുരുന്നുകളാണ് ദൃശ്യങ്ങളിൽ ഉള്ളത്. ‘കാക്കേ ഇങ്ങോട്ട് ഇറങ്ങ്, നിന്റെ തൂവൽ ഒരെണ്ണം പോയി, ഇതാ അത് കൊണ്ടുപോകൂ’ എന്ന് പറയുന്ന കുരുന്നിനെയാണ് വിഡിയോയിൽ കാണുന്നത്. വളരെ നിഷ്കളങ്കമായി കൈയിൽ ഒരു തൂവലും പിടിച്ചുകൊണ്ടാണ് ഈ കുരുന്ന് കാക്കയെ താഴേക്ക് വിളിക്കുന്നത്. മുറ്റത്ത് നിന്ന് കാക്കയെ വിളിക്കുന്ന സഹോദരിയുടെ അടുത്തേക്ക് മറ്റൊരു കുഞ്ഞും എത്തുന്നതും കാര്യം തിരക്കുന്നതും വിഡിയോയിൽ കാണാം. ഉടൻതന്നെ വളരെ ഗൗരവത്തോടെ സഹോദരിയോടും ഈ കുഞ്ഞ് ആ കാക്കയുടെ തൂവൽ ഒരെണ്ണം പോയെന്നും അത് വാങ്ങിക്കാൻ കാക്കയോട് പറയുകയാണെന്നുമൊക്കെ പറഞ്ഞുവയ്ക്കുന്നുണ്ട്.

സഹോദരിയുടെ വിഷമം കേട്ടയുടൻ അടുത്തയാളും കാക്കയെ വിളിക്കാൻ തുടങ്ങി. കുറെ നേരം രണ്ടുപേരും ചേർന്ന് കാക്കയെ തൂവൽ വാങ്ങിക്കാൻ വിളിക്കുന്നതും, പിന്നീട് മുതിർന്നവർ ആരോ വന്ന് കാര്യങ്ങൾ തിരക്കുന്നതുമൊക്കെയാണ് വിഡിയോയിൽ ഉള്ളത്. സൈറാ സെറാ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുരുന്നുകളുടെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം അരുൺ ടോം എന്നയാളുടെ മക്കളായ സൈറയും സെറയുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

Read also: ഇടിമിന്നലേറ്റ് മരത്തിന്റെ ഉൾഭാഗം കത്തുന്നു..? വിഡിയോ വൈറൽ

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിഷ്കളങ്കരായ ഈ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നവരും അവരുടെ സഹജീവി സ്നേഹത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്.

Story highlights: Innocent video of twins calling crow