ഇന്ന് പാച്ചുവിൻറെ മാത്രമല്ല കെസ്റ്ററിന്റെയും പിറന്നാളാണ്- മകന്റെ ഓർമയിൽ ഡിംപിൾ, ഹൃദയംതൊട്ട വിഡിയോ

June 16, 2022

സിനിമ- സീരിയൽ താരം ഡിംപിൾ റോസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയാണ് കാഴ്ചക്കാരുടെ മുഴുവൻ കണ്ണുകളെ ഈറനണിയിക്കുന്നത്. ഡിംപിളിന്റെ മകൻ പാച്ചുവിൻറെ ഒന്നാം പിറന്നാൾ ദിനത്തിലാണ് ഹൃദയഭേദകമായ വിഡിയോ ഡിംപിൾ ഷെയർ ചെയ്യുന്നത്. ഇരട്ടകുട്ടികൾക്കാണ് നടി ഡിംപിൾ ജന്മം നൽകിയത്. എന്നാൽ പൂർണ വളർച്ചയെത്തും മുൻപ് തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടി വന്നതിനാൽ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡിംപിളിന് ഒരു കുഞ്ഞിനെ നഷ്ടമായിരുന്നു. പ്രസവശേഷം ഏറെ പ്രതിസന്ധികൾ ഉണ്ടായതിനാൽ മൂന്ന് മാസത്തോളം ആശുപത്രിയിൽ കിടന്ന ശേഷമാണ് ഡിംപിൾ കുഞ്ഞുമായി തിരികെ വീട്ടിൽ എത്തിയത്.

പാച്ചു, കെസ്റ്റർ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. കെസ്റ്ററിനെയാണ് ഡിംപിളിനും കുടുംബത്തിനും നഷ്ടമായത്. ഇപ്പോഴിതാ പാച്ചു എന്ന കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ തന്റെ പ്രസവകാലത്തെക്കുറിച്ചും ആശുപത്രി ദിവസങ്ങളെക്കുറിച്ചുമൊക്കെ വിഡിയോയിൽ പറയുന്നുണ്ട് താരം. ഏറെ വേദനകൾക്കും ക്‌ളേശങ്ങൾക്കും ശേഷമാണ് ഇവിടെയെത്തിയിരിക്കുന്നതെന്നും ഈ വേദനകളിൽ തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും വിഡിയോയിലൂടെ താരം പറയുന്നുണ്ട്.

അതേസമയം ‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിനങ്ങൾ’ എന്ന അടിക്കുറുപ്പോടെയാണ് ഡിംപിൾ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘പാച്ചുവിൻറെ മാത്രമല്ല ഇന്ന് കെസ്റ്ററിന്റെയും പിറന്നാളാണ്’ എന്ന് പറഞ്ഞ് പാച്ചുവുമായെത്തി കെസ്റ്ററിന്റെ കല്ലറയിൽ പൂക്കൾ വയ്ക്കുന്ന ഡിംപിളിനെയും വിഡിയോയിൽ കാണുന്നുണ്ട്.

Read also: ഇടിമിന്നലേറ്റ് മരത്തിന്റെ ഉൾഭാഗം കത്തുന്നു..? വിഡിയോ വൈറൽ

വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് താരത്തിന്റെ വേദനയിൽ പങ്കുചേർന്നുകൊണ്ടും കുഞ്ഞിന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ടും എത്തുന്നത്. യുട്യൂബ് ചാനലിലൂടെ ഡിംപിൾ തന്നെയാണ് കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും തന്റെ പ്രസവകാലത്തെക്കുറിച്ചും കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ചുമൊക്കെ പറയുന്നതുമായ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Story highlights: Actress Dimple rose shares heart-touching video