തെലുങ്കിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി; ഗോഡ്‌സെ ട്രെയ്‌ലർ

June 9, 2022

മലയാള സിനിമയിലൂടെ ഏറെ പ്രേക്ഷക പ്രീതിനേതി തെന്നിന്ത്യൻ സിനിമാലോകത്തിന്റെ മുഴുവൻ ശ്രദ്ധനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ അന്യഭാഷകളിലും ചുവടുറപ്പിക്കാനൊരുങ്ങുന്ന താരത്തിന്റെ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാലോകം ഏറ്റെടുക്കുന്നത്. ‘ഗോഡ്‌സെ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി നായികയായി വേഷമിടുന്നത്. നടൻ സത്യദേവ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം നേരത്തെ ചിത്രത്തിന്റേതായി പങ്കുവെച്ച ഒരു പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മിക്ക് ഹൃദ്യമായ സ്വാഗതം നൽകികൊണ്ട് നടൻ സത്യദേവ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സി കെ കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്.

2017ൽ റിലീസ് ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കിയത്. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ ‘ബ്രദർസ് ഡേ’, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, കാണെക്കാണെ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read also: നിയയും നിമയും സ്കൂളിലേക്ക്- മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഷിൽന ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ യാത്രയുടെ ഉത്തരം…

‘അർച്ചന 31 നോട്ട് ഔട്ട് ’എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ ഇന്ദ്രൻസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിർമൽ സഹദേവൻ സംവിധാനം ചെയ്യുന്ന കുമാരിയാണ് താരത്തിൻറേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Story highlights: Aishwarya Lakshmi Godse Trailer