നിയയും നിമയും സ്കൂളിലേക്ക്- മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഷിൽന ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ യാത്രയുടെ ഉത്തരം…

June 9, 2022

നമ്മിൽ പലർക്കെങ്കിലും സുപരിചിതനാണ് സുധാകരൻ മാഷ്… നിനച്ചിരിക്കാത്ത നേരത്ത് എല്ലാ സന്തോഷങ്ങൾക്കും ഇടയിലാണ് അധ്യാപകനും കവിയുമായിരുന്ന സുധാകരൻ മാഷിനെ മരണം കവർന്നത്. മക്കളില്ലാതിരുന്ന സുധാകരൻ മാഷിനും ഷിൽനയ്ക്കും ഇടയിലേക്ക് രണ്ട് മക്കൾ എത്തിയപ്പോഴേക്കും മാഷ് മറ്റേതോ ലോകത്തേക്ക് യാത്രയായിരുന്നു. മലയാളികൾക്ക് ഏറെ സുപരിചിതനായ മാഷുടെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിൽ ഭാര്യ ഷിൽന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുധാകരൻ മാഷിന്റെയും ഷിൽനയുടെയും മക്കളായ നിയയും നിമയും അമ്മയുടെ കൈയുംപിടിച്ച് സ്കൂളിലേക്ക് പോകുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മക്കൾക്ക് ആശംസകൾ നേരുകയാണ് ഡോക്ടർ ഷൈജസ് നായർ.

‘നിയയും നിമയും അങ്ങനെ സ്കൂളിലേക്ക്….ഈ ചിത്രം കാണുമ്പോൾ ഉള്ള സന്തോഷം, പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മേലെയാണ്. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ, ഷിൽനയും കുടുംബവും, ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ ഒരു യാത്രയാണ് ഇത്. ഇവിടം വരെയുള്ള യാത്രയിൽ ഇവരോടൊപ്പം ഒരു താങ്ങായി, തണലായി നിൽക്കാൻ കഴിഞ്ഞത് ഒരു നിമിത്തമായും, ദൈവത്തിന്റെ അനുഗ്രഹമായും കരുതുന്നു. ഞങ്ങളുടെ ടീമിന്റെ പ്രാർത്ഥന എന്നുമുണ്ട്, ഈ കുഞ്ഞുങ്ങളുടെയും, ഷിൽനയുടെയും, അവരുടെ കുടുംബത്തിന്റെ കൂടെയും.’ ചിത്രം പങ്കുവെച്ചുകൊണ്ട് ഷൈജസ് കുറിച്ചു.

Read also: നയൻസിനും വിക്കിക്കും ഇന്ന് വിവാഹം; പങ്കെടുക്കാൻ പ്രമുഖതാരങ്ങളും, വിഡിയോ

2017 ആഗസ്റ്റ് 15 നാണ് സുധാകരൻ മാഷ് മരണത്തിന് കീഴടങ്ങിയത്. തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപകനായിരുന്ന അദ്ദേഹം വാഹനാപകടത്തിലാണ് മരിച്ചത്. അതേസമയം ഐവിഎഫ് ചികിൽസ വഴിയാണ് ഷിൽന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഡോക്ടർ ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ഷിൽനയ്ക്ക് ഈ ചികിത്സ നൽകിയത്.

Story highlights: Late Sudhakaranmash wife shilna with twins