നയൻസിനും വിക്കിക്കും ഇന്ന് വിവാഹം; പങ്കെടുക്കാൻ പ്രമുഖതാരങ്ങളും, വിഡിയോ

June 9, 2022

തെന്നിന്ത്യൻ സിനിമയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഏഴ് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ഇന്ന് വിവാഹിതരാകുകയാണ്. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. സിനി-മ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിത്തുടങ്ങി. ബോളിവുഡ് താരം ഷാരൂഖ് ഖാൻ, രജനീകാന്ത്, ഗൗതം വാസുദേവ മേനോൻ, വിജയ് സേതുപതി മലയാളി താരം ദിലീപ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനായി എത്തിക്കഴിഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, സാമന്ത, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, ശിവകാർത്തികേയൻ തുടങ്ങിയവരും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

അതേസമയം കനത്ത സുരക്ഷയോടെയാണ് വിവാഹച്ചടങ്ങുകൾ നടക്കുക. ചടങ്ങിന്റെ ഫോട്ടോയോ വിഡിയോയോ ഷൂട്ട് ചെയ്യാനോ പോസ്റ്റ് ചെയ്യാനോ വിലക്കുണ്ട്. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ മേമോനാണ് വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹത്തിൽ എത്തുന്നവർക്കായി സമ്മാനങ്ങളും വരന്റെയും വധുവിന്റെയും ചിത്രങ്ങൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകളും നൽകും.

Read also: മാനേ മധുരക്കരിമ്പേ…ഗംഭീരമായി പാടി മിയക്കുട്ടി, ഇങ്ങനെയൊക്കെ പാടിയാൽ എങ്ങനെ മുഴുവൻ മാർക്കും തരാതിരിക്കുമെന്ന് ജഡ്ജസ്…

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുന്നതിന്റെ സന്തോഷം അറിയിച്ചുകൊണ്ട് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയിൽ ഇന്ന് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നയൻതാര വെള്ളിത്തിരയിൽ സജീവമായത്. ഈ ചിത്രം വിഘ്‌നേഷിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നയൻസും സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. കാതുവാക്കുളൈ രണ്ട് കാതൽ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിക്കും സാമന്തയ്ക്കുമൊപ്പമാണ് നയൻതാര അഭിനയിച്ചത്.

Story highlights: Nayanthara, Vignesh Shivan Marriage