ബാബുരാജ് മാസ്റ്റർക്കുള്ള സമർപ്പണമായി അക്ഷിതിന്റെ ഗാനം; കൈയടികളോടെ എതിരേറ്റ് പാട്ടുവേദി
“ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ..” ഈ ഗാനം ആലപിക്കാത്ത മലയാളികളുണ്ടാവില്ല അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട ഗാനമാണിത്. മലയാളത്തിന്റെ പ്രിയ സംഗീതജ്ഞൻ എം എസ് ബാബുരാജ് മാസ്റ്റർ സംഗീതം നൽകിയ ഗാനമാണിത്. ‘പരീക്ഷ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി ഭാസ്ക്കരൻ മാഷാണ്. പ്രിയ ഗായകൻ യേശുദാസാണ് മലയാളികളുടെ മനസ്സിൽ പതിഞ്ഞു പോയ ഈ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.
ഇപ്പോൾ പാട്ടുവേദിയിൽ ഈ ഗാനം ആലപിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കൊച്ചു ഗായകൻ അക്ഷിത്. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായകന്റെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ഈ ഗാനത്തിന് ശേഷവും വലിയ പ്രശംസയാണ് അക്ഷിതിന് ലഭിച്ചത്.
മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Akshith sings an evergreen song composed by m.s.baburaj