“ഹൃദയത്തെ സ്‌പർശിക്കുന്ന സിനിമ..”; ‘മേജർ’ സിനിമയെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ

June 6, 2022

2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ധീരവും വീരോചിതവുമായ ജീവിതത്തെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ചിത്രമാണ് ‘മേജർ.’ ജൂൺ 3 നാണ് ചിത്രം ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തിയത്. തെലുങ്ക് നടനായ അദിവി ശേഷാണ് മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ ലഭിച്ചു കൊണ്ടിരിക്കുന്നത്. മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ധീരതയ്ക്കുള്ള അർഹിക്കുന്ന സമർപ്പണമാണ് ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീര സൈനികരുടെ ജീവിതത്തെ ആസ്‌പദമാക്കി ഇതിന് മുൻപും നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും സ്ഥിരം കഥപറച്ചിൽ രീതിയിൽ നിന്ന് മാറി നടന്നുകൊണ്ടാണ് ‘മേജർ’ കൈയടി നേടുന്നത്.

ഇപ്പോൾ ചിത്രത്തിന് വലിയ പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ഹൃദയത്തെ സ്‌പർശിക്കുന്ന ചിത്രമാണ് മേജർ എന്നാണ് അല്ലു അർജുൻ ചിത്രത്തിന്റെ ഭാഗമായ മുഴുവൻ ടീമിനെയും അഭിനന്ദിച്ചു കൊണ്ട് പറഞ്ഞത്. അദിവി ശേഷ് വീണ്ടും തന്റെ മാന്ത്രികത ആവർത്തിച്ചുവെന്നും പ്രകാശ് രാജ്, രേവതി, ശോഭിത അടക്കമുള്ള സഹതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

Read More: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ച്ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ+എസ് മൂവീസും ചേർന്നാണ് മേജറിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

Story Highlights: Allu arjun praises major film