ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

June 3, 2022

കാത്തിരിപ്പിനൊടുവിൽ ‘വിക്രം’ തിയേറ്ററുകളിലെത്തി. അടുത്തിടെ ഇന്ത്യൻ പ്രേക്ഷകർ ഇത്രയും കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടാവില്ല. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആവേശത്തിലായിരുന്നു സിനിമ ആരാധകർ. ഇപ്പോൾ വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് മികച്ച സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയിരിക്കുന്നത്. പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

കമൽ ഹാസൻ എന്ന ഇതിഹാസ നടന് ഒരു ഫാൻ ബോയ് നൽകുന്ന സമർപ്പണമാണ് തന്റെ ചിത്രമെന്ന് പല അഭിമുഖങ്ങളിലും സംവിധായകൻ ലോകേഷ് കനകരാജ് ആവർത്തിച്ചിരുന്നു. ഒരർത്ഥത്തിൽ ഇത് തന്നെയാണ് ചിത്രമെങ്കിലും പലപ്പോഴും ഒരു ഫാൻ ബോയ് ചിത്രമെന്നതിനപ്പുറത്തേക്ക് പോകുന്നു ‘വിക്രം.’ താരങ്ങളെ കൊണ്ട് നിറഞ്ഞു നിന്ന ചിത്രത്തിൽ ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചിരിക്കുന്നത്.

വളരെ സങ്കീർണമായി മുന്നോട്ട് പോകുന്ന കഥ ആദ്യ പകുതി തീരുമ്പോഴേക്കും കുറെ ചോദ്യങ്ങൾ പ്രേക്ഷകരിൽ അവശേഷിപ്പിക്കുന്നു. എന്നാൽ പ്രേക്ഷകരുടെ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകിയാണ് ചിത്രം അവസാനിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥയിൽ ഏറ്റവും എടുത്ത് പറയേണ്ട രണ്ട് ആക്ഷൻ സീക്വൻസുകൾ ഇടവേളയ്ക്ക് തൊട്ട് മുൻപുള്ള രംഗങ്ങളും പിന്നീട് ക്ലൈമാക്സിലെ ആക്ഷൻ സീനുകളുമാണ്.

അഭിനേതാക്കൾ ചിത്രത്തിന്റെ വലിയ ആകർഷണങ്ങളിലൊന്നായിരുന്നു. താരങ്ങൾ കൂടിയായ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാരായ കമൽ ഹാസനെയും വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും ആദ്യമായി ഒരു ചിത്രത്തിൽ ഒരുമിച്ച് കൊണ്ടു വന്നിരിക്കുകയാണ് ലോകേഷ്. മികച്ച പ്രകടനം തന്നെയാണ് 3 നടന്മാരും കാഴ്‌ച്ചവെച്ചത്. എങ്കിലും ഇതിൽ ഏറ്റവും എടുത്ത് പറയേണ്ട പ്രകടനങ്ങൾ കാഴ്ച്ചവെച്ചത് കമൽ ഹാസനും ഫഹദ് ഫാസിലും തന്നെയാണ്.

എന്നാൽ സിനിമ കാണാൻ വന്ന മുഴുവൻ പ്രേക്ഷകരെയും ഞെട്ടിച്ചത് നടൻ സൂര്യ തന്നെയായിരുന്നു. ഒരു അതിഥി താരമായി സൂര്യ ചിത്രത്തിൽ വരുന്നുണ്ടെന്ന് നേരത്തെ തന്നെ ലോകേഷും കമൽ ഹാസനും സ്ഥിരീകരിച്ചിരുന്നു. അതിനാൽ സൂര്യ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിൽ തന്നെയായിരുന്നു പ്രേക്ഷകർ. പക്ഷെ നടനെ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് ലഭിച്ചത് വമ്പൻ സർപ്രൈസായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായി ചിത്രത്തിലെ അവസാന 10 മിനുട്ടിൽ സൂര്യ സ്‌ക്രീനിൽ നിറഞ്ഞാടുകയായിരുന്നു.

മികച്ച സിനിമാറ്റിക് അനുഭവം തന്നെയാണ് പ്രേക്ഷകർക്കായി സംവിധായകൻ ഒരുക്കി വച്ചിരുന്നത്. തന്റേതായ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ‘കൈതി’ എന്ന ചിത്രത്തിലെ നിരവധി റെഫെറൻസുകൾ വിക്രത്തിലുണ്ട്. ഒപ്പം കമൽ ഹാസന്റെ തന്നെ നിരവധി ചിത്രങ്ങളുടെയും റെഫെറൻസുകൾ വിക്രത്തിലുടനീളം കാണാം.

മലയാളിയായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ഒരുക്കിയ രാത്രികാല ദൃശ്യങ്ങൾ തിയേറ്ററിൽ തന്നെ കണ്ടനുഭവിക്കേണ്ട കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ ക്യാമറയുടെ ചലനങ്ങൾക്കും വലിയ കൈയടിയാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്.

Read More: റിലീസിന് മണിക്കൂറുകൾക്ക് മുൻപ് പ്രേക്ഷകരോട് ‘വിക്രം’ സംവിധായകന്റെ അപേക്ഷ..

അടുത്ത ഭാഗത്തെ പറ്റി കൃത്യമായ സൂചന നൽകിയാണ് ‘വിക്രം’ അവസാനിക്കുന്നത്. ഇനി വരാൻ പോകുന്ന ഭാഗത്തിൽ കേന്ദ്ര കഥാപാത്രമായി സൂര്യ ഉണ്ടാവുമെന്നും ഇതോടെ ഉറപ്പായി.

Story Highlights: Vikram movie review