‘ബൊമ്മി വീറിനെ കണ്ടുമുട്ടിയപ്പോൾ’- അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

ബോളിവുഡ് താരം അക്ഷയ് കുമാറിനെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി അപർണ ബാലമുരളി. സുധ കൊങ്ങര സംവിധാനം ചെയ്ത ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ സെറ്റിലാണ് നടി ചെന്നൈയിൽ വെച്ച് അക്ഷയ് കുമാറിനെ കണ്ടത്. തമിഴ് സിനിമയിൽ സൂര്യയും അപർണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ ബൊമ്മിയായി അഭിനയിച്ച അപർണ ബാലമുരളി ഹിന്ദി റീമേക്കിൽ സൂര്യയുടെ വേഷത്തിൽ എത്തുന്ന അക്ഷയ് കുമാറിനെ കാണാൻ എത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് പകർത്തിയ ഒരു ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രം പങ്കുവെച്ച അപർണ ബാലമുരളി ഹിന്ദി റീമേക്കിന് ആശംസകൾ നേർന്നു.
‘ബൊമ്മി വീറിനെ കണ്ടുമുട്ടിയപ്പോൾ !!! ആ വികാരം അതിശക്തമായിരുന്നു. നിങ്ങളുടെ വിലപ്പെട്ട സമയത്തിന് അക്ഷയ്കുമാർ സാറിന് നന്ദി. ഇത്രയും സന്തോഷം നൽകിയതിന്.. നിങ്ങളുടെ വാക്കുകൾ എനിക്ക് അങ്ങേയറ്റം വിലപ്പെട്ടതാണ്. താങ്കൾ വീർ ആകുന്നത് കണ്ടതിൽ സന്തോഷം. എല്ലാത്തിനും എന്റെ സുധ മാമിനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. രാധിക മദൻ, നിങ്ങളെ കാണാൻ സാധിക്കാത്തതിൽ ദുഖമുണ്ട്.. നിങ്ങളുടെ മാജിക് സ്ക്രീനിൽ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല! -അപർണ ബാലമുരളി കുറിക്കുന്നു.
അപർണ ബാലമുരളിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു സുധ കൊങ്ങരയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സൂരരൈ പോട്ര്’. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ ഉൾപ്പെടെ മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, സൂര്യ നായകനായ ചിത്രമാണ് അപർണയ്ക്ക് വഴിത്തിരിവായത്. അതേസമയം, ‘സൂരറൈ പോട്രു’വിന്റെ ഹിന്ദി റീമേക്കും യഥാർത്ഥ സിനിമയുടെ സ്രഷ്ടാവായ സുധ കൊങ്ങരയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രാധികാ മദനാണ് ബൊമ്മിയായി എത്തുന്നത്.
Story highlights- Aparna Balamurali meets Akshay Kumar