‘മിമിക്രിയിലൂടെ വളർന്ന നടൻമാർ പോലും കാണിക്കില്ല ഇത്രയും സ്നേഹവും കരുതലും’; വീണ്ടും സുരേഷ് ഗോപിക്ക് കൈയടിയുമായി സമൂഹമാധ്യമങ്ങൾ

June 20, 2022

വെള്ളിത്തിരയിലെ ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടന്റെ മിക്ക ചിത്രങ്ങളും മലയാളി പ്രേക്ഷകരുടെ ഇഷ്‌ട ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഇടിവെട്ട് ഡയലോഗുകൾ പ്രേക്ഷകർക്ക് മനഃപാഠമാണ്. ഒരായിരം വട്ടം ഓരോ മലയാളിയും പ്രിയ നടന്റെ ഡയലോഗുകൾ ജീവിതത്തിൽ ആവർത്തിച്ചിട്ടുണ്ടാവും.

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്. മികച്ച സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന് കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട് സുരേഷ് ഗോപി.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുപാട് പേരുടെ ജീവിതത്തിലേക്ക് നന്മയും സന്തോഷവും എത്തിച്ച നടന്റെ മറ്റൊരു വാർത്തയാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നത്. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് തന്റെ പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്നൊരു ഭാഗം നൽകിയിരിക്കുകയാണ് സുരേഷ് ഗോപി.

മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന അഡ്വാൻസ് തുകകളിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈമാറുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്കാണ് പ്രിയ താരം ഇപ്പോൾ പാലിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്നാണ് സംഘടനയ്ക്ക് സുരേഷ് ഗോപി പണം നൽകിയത്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ എന്ന സംഘടനയ്ക്കായുള്ള പണം സംവിധായകനായ നാദിർഷക്കാണ് താരം കൈമാറിയത്.

Read More: ‘ഷോട്ടിന് കാത്ത് നില്‍ക്കേണ്ടി വന്നാല്‍ ചീത്ത വിളിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയൊരാൾ..’; ട്വൽത്ത് മാൻ സെറ്റിൽ സഹായിയായി മോഹൻലാൽ- വിഡിയോ

വലിയ കൈയടിയും പ്രശംസയുമാണ് നടന് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. രമേശ് പിഷാരടി, ഗിന്നസ് പക്രു അടക്കമുള്ള കലാകാരൻമാർ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ വളർന്ന നടൻമാർ പോലും മിമിക്രി കലാ സമൂഹത്തോട് ഇത്രയും സ്നേഹവും കരുതലും കാണിച്ചിട്ടുണ്ടാവില്ല എന്നാണ് ഒരു കലാകാരൻ കമന്റ്റ് ചെയ്‌തത്‌.

Story Highlights: Suresh gopi donates money to mimicry association