കാൽപാദം വരെ നീളം; കൗതുകമായി നീളൻ ചെവികളുമായി ജനിച്ച ആട്ടിൻകുട്ടി

June 22, 2022

സോഷ്യൽ ഇടങ്ങളിൽ ദിവസവും രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ആട്ടിൻകുട്ടിയാണ് സമൂഹമാധ്യമങ്ങളിലെ താരം. സിംബ എന്ന ആട്ടിൻകുട്ടിയാണ് ചെവികളുടെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലെ കറാച്ചിയിലെ ഒരു ഫാമിൽ ജനിച്ച സിംബയുടെ ചെവിയുടെ നീളം 19 ഇഞ്ചാണ്. അതേസമയം ചെവിയുടെ ഈ നീളം സിംബയെ കാഴ്ചയിൽ വ്യത്യസ്തൻ ആക്കുന്നുണ്ടെങ്കിലും അവന് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നാണ് കണ്ടെത്തൽ.

നടക്കുമ്പോൾ ചെവികൾ തറയിൽ മുട്ടുന്ന രീതിയിലാണ് സിംബ ഇപ്പോൾ ഉള്ളത്. കാഴ്ചയിൽ ഏറെ കൗതുകമുള്ള സിംബയെ കാണാൻ നിരവധിപ്പേരാണ് ഈ ഫാമിൽ എത്തുന്നത്. ചെവിയുടെ നീളത്തിന്റെ പേരിൽ സിംബയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആടിന്റെ ഉടമയായ മുഹമ്മദ് ഹസൻ നരേജോ. അതേസമയം നിലവിൽ വലിപ്പമുള്ള ചെവിയുടെ പേരിൽ ​ഗിന്നസ് റെക്കോർഡ് നേടിയ ആടുകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ ഇത്തരത്തിൽ റെക്കോർഡ് നേടുന്ന ആദ്യത്തെ ആടും സിംബയായിരിക്കും.

Read also: സെറ്റിൽ ഒരു സർപ്രൈസ് വിസിറ്റ്; അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷത്തിൽ ബേസിൽ ജോസഫ്-വൈറൽ ചിത്രങ്ങൾ

നൂബിയൻ ഇനത്തിൽപ്പെട്ട ആടാണ് സിംബ. പൊതുവെ ഈ ഇനത്തിൽപെട്ട ആടുകൾക്ക് നീണ്ട ചെവികളാണ് ഉള്ളത്. എന്നാൽ ഇത്രയും നീളമുള്ള ആട് ജനിക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലെ താരമായി മാറിക്കഴിഞ്ഞു സിംബ എന്ന ആട്ടിൻകുട്ടി. എന്നാൽ സിംബയുടെ നീളമുള്ള ചെവികൾ ഒരുപക്ഷേ ജനിതക വൈകല്യത്തിന്റെയോ മറ്റോ ഫലമായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Story highlights: Baby Goat Born With 19-Inch Ears