റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

May 16, 2023

പലപ്പോഴും മനുഷ്യനെ അമ്പരപ്പിക്കാറുണ്ട് മൃഗങ്ങളുടെ പ്രവർത്തികൾ. സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും അവ പ്രവർത്തിക്കുന്ന കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അതുപോലെതന്നെ രസകരവുമാണ് അവയുടെ ചിലപ്പോഴുള്ള പെരുമാറ്റം. എന്നാൽ, കാടിനുള്ളിൽ വളരുന്ന മൃഗങ്ങൾക്ക് പൊതുവെ അക്രമാസക്തി കൂടുതലാണ്. പ്രത്യേകിച്ച് കരടി. മനുഷ്യനേക്കാൾ വളരെയധികം കരുത്തുള്ള അവ ഒന്ന് തല്ലിയാൽ പോലുംമനുഷ്യൻ തളർന്നുപോകും.

എന്നാൽ ഇങ്ങനെയൊന്നുമല്ലാത്ത ഒരു കരടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കാടിന് നടുവിലൂടെയുള്ള റോഡിലൂടെ ഒരു കൂട്ടം കരടികൾ റോഡ് മുറിച്ചുകടക്കുമ്പോൾ കാറുകൾ അവയ്ക്ക് പോകാനായി നിർത്തിയിട്ടിരിക്കുകയാണ്. വാഹനങ്ങളൊക്കെ കണ്ട് പെട്ടെന്ന് ആശയക്കുഴപ്പത്തിലായ ഒരു കരടി കാറിനുള്ളിലിരുന്ന ഒരു മനുഷ്യനെ സമീപിച്ച് അദ്ദേഹത്തിന് ഒരു ഹൈ ഫൈവ് നൽകി.

വൈറലായ വിഡിയോയിൽ, കരടി കാറിന് നേരെ നടന്നുവരുന്നത് കാണാം. കൈ ഉയർത്തിയാണ് അത് വരുന്നത്. അല്പം ആശങ്കയിലാണ് എന്ന് വിഡിയോ കാണുമ്പോൾ അറിയാം. കാറിലിരുന്ന് ഒരാൾ കൈനീട്ടുന്നതും കാണാം. ഒരു നിമിഷം ആലോചിച്ച് അയാൾക്ക് ഹൈ ഫൈവ് നൽകി കരടി മടങ്ങി. മൃഗങ്ങൾ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കാറുകൾ കാത്തുനിൽക്കുകയായിരുന്നു.മറ്റൊരു കാറിൽ നിന്നുമെടുത്ത ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Read Also: റെയിൽവേയിൽ ജോലി ചെയ്യുന്ന അച്ഛനും മകനും ട്രെയിനുകൾ ക്രോസ്സ് ചെയ്യുന്നതിനിടെ കണ്ടപ്പോൾ- ഹൃദ്യമായൊരു കാഴ്ച

ഭക്ഷണമെന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാകാം കരടി കാറിനെ സമീപിച്ചത് എന്നാണ് ആളുകൾ കമന്റ്റ് ചെയ്യുന്നത്. അതേസമയം, വിവേകബുദ്ധിയോടെ പ്രവർത്തിക്കുന്ന ഒരു കരടിയുടെ വിഡിയോ അടുത്തൂടെ ശ്രദ്ധനേടിയിരുന്നു.

നടന്നു പോകുകയാണ് കരടി. അപ്പോഴാണ് വഴിയോരത്ത് ഒരു ട്രാഫിക് കോൺ മറിഞ്ഞുകിടക്കുന്നത് കാണുന്നത്. മനുഷ്യർ പൊതുവെ അത്തരമൊരു കാഴ്ച അവഗണിച്ച് പോകുകയേ ഉള്ളു. എന്നാൽ കരടി ശ്രദ്ധാപൂർവം ആ മറഞ്ഞുകിടക്കുന്ന ട്രാഫിക് കോൺ ഉയർത്തി നേരെ സ്ഥാപിച്ചിട്ട് മെല്ലെ നടന്നു നീങ്ങുകയാണ്. ആരും ഒന്ന് അമ്പരന്നു പോകും കരടിയുടെ ഈ കരുതലോടെയുള്ള പ്രവർത്തിയിൽ.

Story highlights- bear giving a high five to a man