വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക്; ശ്രദ്ധനേടി ലൊക്കേഷൻ വിഡിയോ

June 23, 2022

മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ മകളും കന്നഡയുടെ മരുമകളുമായ ഭാവന. അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മുഖ്യകഥാപാത്രമാകുന്ന മലയാളം ചിത്രം ഒരുങ്ങുകയാണ്. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന മലയാള സിനിമയിലൂടെയാണ് നടി മലയാളത്തിലേക്ക് തിരികെ എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിൽ ഭാവനയ്ക്കും ഷറഫുദ്ദീനുമൊപ്പം നടൻ അശോകനും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

Read also: ഞാൻ നിന്നെ സ്നേഹിക്കുന്നു- വിവാഹദിനത്തിൽ മലയാളം പറഞ്ഞ് ആഫ്രിക്കൻ വരൻ, വൈറൽ വിഡിയോ

അതേസമയം പ്രിയതാരം ഭാവന മുഖ്യകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രമാണ് ദ് സർവൈവൽ. മാധ്യമപ്രവർത്തകനായ എസ് എൻ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രം അതിജീവനത്തിന്റെ കഥ പറയുന്ന ഒരു സ്ത്രീപക്ഷ ചിത്രമാണെന്നാണ് സൂചന.

മലയാള സിനിമയിലൂടെയാണ് ഭാവനയുടെ സിനിമ തുടക്കമെങ്കിലും ഇപ്പോൾ കന്നഡ സിനിമകളിലാണ് താരം സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി അന്യഭാഷകളിൽ റിലീസിന് ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമായതും. മലയാളത്തിൽ ഏറ്റവും ഒടുവിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്.

Story highlights: bhavana joined ntikkakkakkoru premandaaarnu location video