നെറ്റ്ഫ്ലിക്സിൽ തരംഗമായി സിബിഐ 5, ഇന്ത്യ ടോപ് ടെൻ ലിസ്റ്റിൽ ഒന്നാമത്; പിന്തള്ളിയത് ആർആർആർ, സ്പൈഡർമാൻ അടക്കമുള്ള വമ്പൻ ചിത്രങ്ങളെ
ജൂൺ 12 നാണ് സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയതിന് ശേഷമാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്തത്. തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ലഭിച്ചത്. ചിത്രം തിയേറ്ററിൽ കാണാൻ കഴിയാതെ പോയ ലോകമെങ്ങുമുള്ള മലയാളികൾക്ക് മുൻപിലേക്കാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തിയത്.
ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. സ്പൈഡര്മാന് നോ വേ ഹോം, ആർആർആർ തുടങ്ങിയ വമ്പൻ ചിത്രങ്ങളെ പിന്തള്ളിയാണ് സിബിഐ 5 ഒന്നാമതെത്തിയിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ സിനിമ കാണാൻ കഴിയും.
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5: ദി ബ്രെയിൻ. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കിയ സേതുരാമയ്യർ എന്ന കഥാപാത്രത്തെ വീണ്ടും സ്ക്രീനിൽ കാണാനുള്ള വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് സിബിഐ സിനിമ സീരിസിലെ അടുത്ത ചിത്രം പുറത്തു വന്നത്.
Read More: മഹേഷിന്റെ പ്രതികാരത്തിലെ ആ കുഞ്ഞു മിടുക്കിയാണ് ‘ജോ& ജോ’യിലെ താരം!
മെയ് 1 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ഒരേ പോലെ ചിത്രത്തിന് ലഭിച്ചത്. സേതുരാമയ്യർക്കൊപ്പം പഴയ ചിത്രങ്ങളിലെ പല കഥാപാത്രങ്ങളും വീണ്ടും ചിത്രത്തിലെത്തിയിരുന്നു. മുകേഷ്, സായി കുമാർ എന്നിവരൊക്കെ സിബിഐ പരമ്പരയിലെ അവരുടെ കഥാപാത്രങ്ങളുമായി വീണ്ടും പ്രേക്ഷകരുടെ കൈയടി നേടി. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കനിഹ, രമേശ് പിഷാരടി, സൗബിൻ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
Story Highlights: Cbi 5 tops netflix india top 10 list