‘കുറച്ച് ഇംഗ്ളീഷും കൂടി അറിയാരുന്നെങ്കിൽ എന്റെ പൊന്നളിയാ..’- ചിരി പടർത്തി ‘ഡിയർ ഫ്രണ്ട്’ ടീസർ

June 7, 2022

ടൊവിനോ തോമസ് നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ചിത്രത്തിന്റെ പുതിയ ടീസർ പ്രേക്ഷകരിലേക്ക് എത്തി. ബാംഗ്ലൂരിൽ താമസിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, അർജുൻ ലാൽ, സഞ്ചന നടരാജൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഈ സുഹൃത്തുക്കളുടെ വർണ്ണാഭമായ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്.

ബേസിൽ ജോസഫിന്റെ രസകരമായ തമാശകളാണ് ടീസറിന്റെ പ്രധാന ആകർഷണം.ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ മറ്റൊരു മധുര കാഴ്ച നൽകുന്നതാണ് പുതിയ ടീസർ. ബേസിൽ ജോസഫിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് പുതിയ വിഡിയോ. സുഹൃത്തുക്കളായ ആ സംഘത്തിന്റെ ജീവൻ ബേസിലാണെന്നു ടീസർ സൂചിപ്പിക്കുന്നു. പരിതാപകരമായ സാഹചര്യങ്ങളിലും പുഞ്ചിരി വിടർത്താൻ പരാജയപ്പെടാത്ത രസകരമായ വ്യക്തിത്വമാണ് ബേസിൽ ഒട്ടുമിക്ക ചിത്രങ്ങളിലും. ഈ സിനിമയിലും അതിൽ മാറ്റമില്ല.

Read also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘ഡിയർ ഫ്രണ്ട്’ ഒരു മിസ്റ്ററി ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. ഷർഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. എഡിറ്റിംഗ് ദീപു ജോസഫും സംഗീതം ജസ്റ്റിൻ വർഗീസുമാണ് നിർവഹിച്ചിരിക്കുന്നത്. ഗോകുൽ ദാസാണ് കലാസംവിധാനം. റോനെക്‌സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ സ്‌ക്രീനുകളിൽ എത്തും.

Story highlights- dear friend movie second teaser