‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

June 6, 2022

‘പ്രേമം’ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോൾഡ്.’ മലയാളത്തിലെ പുതുതലമുറയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സംവിധായകരിലൊരാളാണ് അൽഫോൺസ്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ അൽഫോൺസ് പുത്രൻ സൃഷ്‌ടിച്ച തരംഗം ചെറുതല്ല.

ഏഴ് വർഷത്തിന് ശേഷമാണ് ‘ഗോൾഡ്’ എന്ന ചിത്രവുമായി അൽഫോൺസ് വീണ്ടും എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന ഗോൾഡിന്റെ ടീസർ നേരത്തെ തന്നെ റിലീസ് ചെയ്‌തിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്‌. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് രസകരമായ രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ, നയൻതാര, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഷി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻതാരയും വേഷമിടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More: “ഹൃദയത്തെ സ്‌പർശിക്കുന്ന സിനിമ..”; ‘മേജർ’ സിനിമയെ വാനോളം പുകഴ്ത്തി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ

മല്ലിക സുകുമാരനാണ് ഗോൾഡിൽ പൃഥ്വിരാജിന്റെ അമ്മ വേഷത്തിലെത്തുന്നത്. ഇതിന് മുൻപും പല സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ അമ്മയും മകനുമായ ഇരുവരും അമ്മ-മകൻ റോളുകളിൽ ഒരു ചിത്രത്തിലെത്തുന്നത് ഇതാദ്യമായാണ്. പൃഥ്വിരാജ് സംവിധാനം ചെയ്‌ത ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലും മല്ലിക വേഷമിട്ടുവെങ്കിലും ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മൂമ്മയുടെ വേഷത്തിലാണ് എത്തിയത്. ആദ്യമായി ഗോൾഡിലൂടെയാണ് മല്ലിക പൃഥ്വിയുടെ അമ്മയായി സ്‌ക്രീനിൽ എത്തുന്നത്.

Story Highlights: Gold first look poster released