വിജയ്‌യുടെ വില്ലനായി ധനുഷ്..?, ലോകേഷ് കനകരാജ് ചിത്രത്തിന്റെ വിശേഷങ്ങൾ…

June 13, 2022

തമിഴകത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം തിയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ലോകേഷിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇളയദളപതി വിജയ്‍യും സംവിധായകൻ ലോകേഷ് കനകരാജും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ദളപതി 67 എന്ന ചിത്രത്തിൽ വിജയ്‌യുടെ വില്ലനായി ധനുഷ് കൂടിയെത്തുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് വിജയ്യെ നായകനാക്കി ഒരുക്കിയ മാസ്റ്റർ മികച്ച സ്വീകാര്യത നേടിയിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമ മേഖലയെ കൈപിടിച്ചുയർത്തിയ ചിത്രം കൂടിയായിരുന്നു മാസ്റ്റർ. ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അതേസമയം ബീസ്റ്റ് ആണ് വിജയ്‍യുടെതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് ബീസ്റ്റിലെ വിജയിയുടെ കഥാപാത്രം. വിജയ് നായകനായ ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തിയത് പൂജ ഹെഗ്ഡെയാണ്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിലെ അറബിക് കുത്തു സോങ് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആസ്വാദകമനം കവർന്നിരുന്നു, തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡും ഈ ഗാനം സ്വന്തമാക്കിയിരുന്നു. പിന്നീട് ചിത്രത്തിലേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനവും ആരാധകർ നെഞ്ചേറ്റി. അനിരുദ്ധിന്റെ സം​ഗീതത്തിൽ വിജയ് പാടിയ ​ഗാനമാണിത്. 

Read also: കാൻസറാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി, രോഗത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച കഥയുമായി നടി മഹിമ…

അതേസമയം വിക്രം ആണ് ലോകേഷ് കനകരാജിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. പുറത്തിറങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ചിത്രം തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.

Story highlights: Dhanush joins Vijay for Lokesh Kanakaraj film