കാൻസറാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി, രോഗത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച കഥയുമായി നടി മഹിമ…

June 11, 2022

ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് ചില രോഗങ്ങൾ നമ്മെ തേടിയെത്തുന്നത്. അപ്രതീക്ഷിതമായി എത്തുന്ന ഇത്തരം രോഗങ്ങൾ പലരെയും തളർത്താറുണ്ട്. എന്നാൽ രോഗങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിക്കുന്ന പലരുടെയും ജീവിതങ്ങൾ നമുക്ക് പ്രചോദനമാകാറുണ്ട്. അത്തരത്തിൽ അർബുദരോഗത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും നേരിട്ടതാണ് ബോളിവുഡ് ചലച്ചിത്രതാരം മഹിമ ചൗധരി. സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മഹിമയെക്കുറിച്ച് സമൂഹത്തോട് പറഞ്ഞത് ചലച്ചിത്രതാരം അനുപം ഖേറാണ്.

രോഗത്തിന്റെ ചികിത്സയ്ക്ക് ശേഷം അനുപം ഖേറിനൊപ്പം പുതിയൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം തന്നെ പകര്‍ത്തിയ വിഡിയോയിലൂടെയാണ് മഹിമയുടെ രോഗാവസ്ഥയെക്കുറിച്ച് ലോകം അറിയുന്നത്. രോഗത്തെക്കുറിച്ച് അറിഞ്ഞതുമുതൽ രോഗത്തിൽ നിന്നും മുക്തി നേടിയതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ച് മഹിമ വിഡിയോയിലൂടെ ലോകത്തോട് പറയുന്നുണ്ട്.

രോഗത്തെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും തളർന്നുപോയ തനിക്ക് ആത്മവിശ്വാസം പകർന്ന് നൽകിയത് സഹോദരിയാണെന്നും പറഞ്ഞ മഹിമ പിന്നീടുള്ള ചികിത്സയുടെ ഓരോ ഘട്ടത്തിലും കുടുംബവും സുഹൃത്തുക്കളും തന്നോട് ചേർന്ന് നിന്നുവെന്ന് പറയുകയാണ്. ഒപ്പം രോഗത്തെ അതിജീവിച്ച തനിക്ക് വീണ്ടും സിനിമയിലേക്ക് വരാൻ പ്രചോദനം നൽകിയതും സാഹചര്യങ്ങൾ ഒരുക്കിയതും അനുപം ഖേറാണെന്നും അദ്ദേഹത്തിന് പ്രത്യേകമായി നന്ദി പറയുന്നുവെന്നും മഹിമ വിഡിയോയിലൂടെ വെളിപ്പെടുത്തി.

Read also: അമേരിക്കൻ നഗരത്തിൽ ജൂൺ 3 ഇനി മുതൽ നമ്പി നാരായണൻ ദിനം; വമ്പൻ പ്രഖ്യാപനമുണ്ടായത് ‘റോക്കട്രി’ സിനിമയുടെ അമേരിക്കയിലെ പ്രമോഷൻ വേളയിൽ

അനുപം ഖേർ തന്നെ സിനിമയിലേക്ക് വിളിക്കുമ്പോൾ കീമോതെറാപ്പിയെ തുടര്‍ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തോട് ക്യാന്‍സറിനെ കുറിച്ച് തുറന്ന് പറയാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും വിവരം അറിഞ്ഞപ്പോള്‍ മുടിയില്ലാതെ തന്നെ അഭിനയിക്കാമല്ലോ എന്ന് അനുപം ഖേർ പറയുകയായിരുന്നു എന്നും മഹിമ വിഡിയോയിലൂടെ തുറന്ന് പറഞ്ഞു.

അതേസമയം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ‘പര്‍ദേസ്’ ആണ് മഹിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം. ഈ സിനിമയും സിനിമയിലെ ഗാനങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights; Mahima talks about her battle with breast cancer