അമേരിക്കൻ നഗരത്തിൽ ജൂൺ 3 ഇനി മുതൽ നമ്പി നാരായണൻ ദിനം; വമ്പൻ പ്രഖ്യാപനമുണ്ടായത് ‘റോക്കട്രി’ സിനിമയുടെ അമേരിക്കയിലെ പ്രമോഷൻ വേളയിൽ

June 10, 2022

മലയാളിയായ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘റോക്കട്രി’ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് റോക്കട്രി.

ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. അമേരിക്കയിലെ ടെക്‌സസിലെ സ്റ്റാഫോർഡ് നഗരം ജൂൺ 3 ഇനി മുതൽ നമ്പി നാരായണൻ ദിനമായി ആചരിക്കും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നമ്പി നാരായണനും നടൻ മാധവനും അമേരിക്കയിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥം സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് പ്രഖ്യാപനം നടത്തിയത്.

നേരത്തെ ചിത്രത്തിന്റെ വിവിധ പതിപ്പുകളിൽ അതിഥി താരങ്ങളായി എത്തുന്ന സൂപ്പർതാരങ്ങളെ പറ്റിയുള്ള വാർത്തകൾ ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സൂപ്പർതാരം സൂര്യ അതിഥി താരമായി എത്തുമ്പോൾ ഹിന്ദി പതിപ്പിൽ അതിഥി വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ്. ഒരുപാട് നാളുകൾക്ക് ശേഷം ഷാരൂഖ് ഖാനെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിൽ കൂടിയാണ് സിനിമ ലോകം.

Read More: നൃത്തചുവടുകളിൽ വിസ്മയം തീർത്ത് നിരഞ്ജന അനൂപ്- വിഡിയോ

ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്.

Story Highlights: June 3 will be celebrated as nambi narayanan day in usa