സത്യസന്ധതയുടെ നിറകുടം, മറ്റൊരു കമ്പനിയിലെ ഇന്റർവ്യൂവിന് ലീവ് ചോദിച്ച് ജീവനക്കാരൻ; സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി വൈറലായ ജീവനക്കാരന്റെ അവധി അപേക്ഷ

June 17, 2022

എത്രത്തോളം സത്യസന്ധനാവാൻ ഒരു മനുഷ്യന് കഴിയും. ഉത്തരങ്ങൾ പലതുണ്ടാവും. എന്നാൽ മറ്റൊരു കമ്പനിയിൽ അഭിമുഖത്തിന് എത്താനായി ഇപ്പോൾ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന കമ്പനിയിൽ അവധിക്ക് അപേക്ഷിച്ച് ഔദ്യോഗികമായി മെയിൽ അയക്കാൻ കുറച്ചു കൂടുതൽ സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടാവേണ്ടി വരും. അത്തരത്തിലൊരു അവധി അപേക്ഷയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

സാഹിൽ എന്നയാളാണ് തനിക്ക് വന്നൊരു മെയിൽ ട്വിറ്ററിൽ പങ്കുവെച്ചത്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ തനിക്കയച്ച ഒരു മെയിലാണ് അദ്ദേഹം പങ്കുവെച്ചത്. “പ്രിയപ്പെട്ട സർ, താങ്കൾക്ക് ശുഭദിനം ആശംസിക്കുന്നു,മറ്റൊരു കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എനിക്ക് ഇന്ന് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞാൻ ഈ മെയിൽ അയക്കുന്നത്. ആയതിനാൽ എനിക്ക് ലീവ് അനുവദിച്ചു തരണം.” ഇതായിരുന്നു മെയിലിന്റെ ഉള്ളടക്കം.

‘എന്റെ ജൂനിയേഴ്‌സൊക്കെ വളരെ നല്ലവരാണ്, മറ്റൊരു കമ്പനിയിലെ ഇന്റർവ്യൂവിന് എന്നോട് അവധിക്ക് അപേക്ഷിച്ചിരുന്നു’ തമാശയോടെയുള്ള ഈ കുറിപ്പോടെയാണ് സാഹിൽ മെയിൽ പങ്കുവെച്ചത്.

ഒരുപാട് ആളുകൾ ട്വീറ്റിന് താഴെ ജീവനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ച് കമന്റുകൾ പങ്കുവെച്ചിരുന്നു. അതേ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം നൽകുന്ന കമ്പനിയുടെ ജോലി അന്തരീക്ഷത്തെയും നിരവധി ആളുകൾ അഭിനന്ദിക്കുന്നുണ്ട്.

Read More: തിരക്കേറിയ റോഡിൽ ചിതറിക്കിടക്കുന്ന കല്ലുകൾ; തൂത്തുമാറ്റി ട്രാഫിക് ഉദ്യോഗസ്ഥൻ- വിഡിയോ

അതിനൊപ്പം തങ്ങൾക്ക് ലഭിച്ച വളരെ രസകരമായ ചില അവധി അപേക്ഷകളും രാജി കത്തുകളും ചിലർ പോസ്റ്റിന് താഴെ പങ്കുവെയ്ക്കുന്നുണ്ട്. ചിലത് അതീവ രസകരവുമാണ്. തനിക്ക് ഒരു ജീവനക്കാരൻ അയച്ച ഒരു രാജിക്കത്താണ് ഒരാൾ പങ്കുവെച്ചത്. “പ്രിയപ്പെട്ട സർ. ബൈ ബൈ സർ” ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. വലിയ ചിരിയാണ് ട്വിറ്ററിൽ ഈ രാജിക്കത്ത് ഉണ്ടാക്കിയത്.

Story Highlights: Employee leave application mail becomes viral