‘ചുണ്ടത്തക്ഷര ലക്ഷപരീക്ഷ നിരീക്ഷണ പക്ഷികളക്ഷമരായ്..’ വീണ്ടും അത്ഭുതമായി മേഘ്നക്കുട്ടി, വിഡിയോ
മേഘ്നക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കുന്ന ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞുമിടുക്കി മേഘ്ന സുമേഷ്. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കവരുന്ന ഈ കുഞ്ഞുമോളുടെ മറ്റൊരു അസാധ്യപ്രകടനത്തിന് സാക്ഷ്യം വഹിക്കുകയാണ് സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾ. ‘ഇത് മഞ്ഞുകാലം’ എന്ന ചിത്രത്തിലെ ‘പാടിപ്പഴകിയൊരീണം തെരുതെരെ മൂളും കാറ്റേ … തുളുനാടന് കാറ്റേ…’ എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി വേദിയിൽ ആലപിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് കെ എസ് ചിത്രയാണ്.
ചിത്രാമ്മയുടെ ശബ്ദത്തിലൂടെ സംഗീതപ്രേമികൾ നെഞ്ചേറ്റിയ ഗാനവുമായി വേദിയുടെ മനം കവരുകയാണ് ഈ കുഞ്ഞുമിടുക്കിയും. മുതിർന്നവർക്ക് പോലും പാടാൻ ബുദ്ധിമുട്ടുള്ള ഗാനം അസാധ്യമായി ആലപിക്കുന്ന ഈ കുരുന്നിന്റെ മുന്നിൽ നിറഞ്ഞ് കൈയടിക്കുകയാണ് പാട്ട് വേദി. ഇത്രയും ഗംഭീരമായി ഈ കുഞ്ഞുമോൾക്ക് ഇതെങ്ങനെ പാടാൻ സാധിക്കുന്നുവെന്ന് പറയുന്ന ജഡ്ജസ് വാനോളം പുകഴ്ത്തുകയാണ് ഈ കുഞ്ഞുമോളുടെ പെർഫോമൻസിനെ. ഒപ്പം പാട്ടിലെ ഏറ്റവും ബുദ്ധിമുട്ടേറിയ – ‘ചുണ്ടത്തക്ഷര ലക്ഷപരീക്ഷ നിരീക്ഷണ പക്ഷികളക്ഷമരായ്’ എന്ന വരികൾ അസാധ്യമായി പാടിയ മേഘ്നക്കുട്ടിയോട് ഈ വരികൾ ടെമ്പോ കൂട്ടിയും കുറച്ചും പാടാമോ എന്ന് ചോദിക്കുമ്പോൾ വളരെ ലാഘവത്തോടെ ഈ ചലഞ്ചും ഏറ്റെടുക്കുന്നുണ്ട് ഈ അത്ഭുതഗായിക.
അത്ഭുതപ്പെടുത്തുന്ന ആലാപനമികവിനൊപ്പം കുസൃതിനിറഞ്ഞ വർത്തമാനങ്ങൾകൊണ്ടും വേദിയുടെ മനം കവരുന്ന ഈ മിടുക്കിയ്ക്ക് ഇത്തവണ രസകരമായ പുതിയൊരു പേരും നൽകുന്നുണ്ട് ജഡ്ജസ്. മ്ലാമല മേഘുഡു എന്നായിരിക്കും മേഘ്നക്കുട്ടി ഇനി മുതൽ ടോപ് സിംഗർ വേദിയിൽ അറിയപ്പെടുക എന്നാണ് ജഡ്ജസ് പറയുന്നത്.
Story highlights; Extraordinary performance of Meghna