വിക്രത്തിലെ അമർ കൈയടി നേടുന്നു, പക്ഷെ ഫഹദ് തിരക്കിലാണ്; ‘മാമന്നൻ’ ലൊക്കേഷനിൽ നിന്നുള്ള ഫഹദിന്റെ ചിത്രങ്ങൾ വൈറലാവുന്നു

June 7, 2022

പ്രേക്ഷകരുടെ വമ്പൻ പ്രതികരണം നേടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് കമൽ ഹാസന്റെ ‘വിക്രം.’ വലിയ കാത്തിരിപ്പിനൊടുവിൽ ജൂൺ 3 നാണ് ‘വിക്രം’ തിയേറ്ററുകളിലെത്തിയത്. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആകാംക്ഷയിലായിരുന്നു സിനിമ ആരാധകർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

ചിത്രത്തിലെ ഓരോ നടന്മാരും വലിയ കൈയടിയാണ് തിയേറ്ററുകളിൽ നേടിക്കൊണ്ടിരിക്കുന്നത്. കമൽ ഹാസനും വിജയ് സേതുപതിയും വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂപ്പർ താരം സൂര്യ കാഴ്ച്ചവെയ്ക്കുന്നത്.

എന്നാൽ പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച്ചവെച്ചത് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ തന്നെയായിരുന്നു. വലിയ കൈയടിയാണ് ഫഹദിന്റെ അമറിന് ചിത്രത്തിൽ ലഭിക്കുന്നത്. ഫഹദിന്റെ കഥാപാത്രത്തിലൂടെയാണ് പലപ്പോഴും പ്രേക്ഷകർ വിക്രത്തിന്റെ സങ്കീർണമായ ലോകത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുന്നത്. സൂക്ഷ്‌മമായ അഭിനയത്തിലൂടെ ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് അമറിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ വിക്രവും തന്റെ കഥാപാത്രവും കൈയടി നേടുമ്പോൾ ഫഹദ് മറ്റൊരു തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. പരിയേറും പെരുമാളും കര്‍ണ്ണനും ഒരുക്കിയ മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മാമന്നന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഫഹദ് ഇപ്പോൾ ഉള്ളത്. ചിത്രത്തിന്റെ ലൊക്കേഷനിൽ തമിഴ് സംവിധായകൻ മിഷ്‌കിനോടൊപ്പം ഇരിക്കുന്ന ഫഹദിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

Read More: നീലവെളിച്ചത്തിന്റെ ആദ്യ പ്രകാശം വന്നു; ആഷിഖ് അബു-ടൊവിനോ തോമസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാര്‍ച്ച് ആദ്യ വാരം ആരംഭിച്ച മാമന്നന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷം രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് ഫഹദ് ചിത്രത്തില്‍ ജോയിന്‍ ചെയ്‌തത്‌.

Story Highlights: Fahad is busy shooting mamannan