നീലവെളിച്ചത്തിന്റെ ആദ്യ പ്രകാശം വന്നു; ആഷിഖ് അബു-ടൊവിനോ തോമസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

June 7, 2022

‘നാരദൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ, ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്യുന്നത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.

ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. നടൻ ടോവിനോ അടക്കമുള്ളവർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടിലേക്ക് ഒരു യുവകഥാകൃത്ത് എത്തുന്നു. അതിന് ശേഷം ആ വീടിനെ ആവേശിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയോടൊപ്പമുള്ള കഥാകൃത്തിന്റെ അനുഭവങ്ങളാണ് കഥയുടെ പ്രമേയം. ഇപ്പോൾ പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഈ പ്രമേയത്തെ പറ്റിയുള്ള സൂചനകളുണ്ട്.

അതേ സമയം നേരത്തെ ചിത്രം പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് നീണ്ട് പോയത് കാരണം ഡേറ്റിന്റെ പ്രശ്നം വന്നതോട് കൂടി ഇരു താരങ്ങളും ചിത്രത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു.

അതിന് ശേഷമാണ് ടൊവിനോ ചിത്രത്തിലേക്കെത്തുന്നത്. ടൊവിനോയ്ക്കൊപ്പം റോഷന്‍ മാത്യൂസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. റിമ കല്ലിങ്കൽ നേരത്തെ തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് ഗംഗാധരൻ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.

Read More: ‘കുറച്ച് ഇംഗ്ളീഷും കൂടി അറിയാരുന്നെങ്കിൽ എന്റെ പൊന്നളിയാ..’- ചിരി പടർത്തി ‘ഡിയർ ഫ്രണ്ട്’ ടീസർ

അതേ സമയം ‘നീലവെളിച്ചം’ നേരത്തെ തന്നെ സിനിമയായിട്ടുണ്ട്. ‘ഭാർഗവീനിലയം’ എന്ന പേരിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് കഥാകാരനായ ബഷീർ തന്നെയായിരുന്നു.

Story Highlights: Neelavelicham first look poster released

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!