‘സ്വയം മാറി നിന്നതാണ്..’; ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നുള്ള നീണ്ട ഇടവേളയെപ്പറ്റി മനസ്സ് തുറന്ന് ഹർദിക് പാണ്ഡ്യ

June 4, 2022

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ് ഹർദിക് പാണ്ഡ്യ. ബാറ്ററായും ബൗളറായും പല നിർണായക മത്സരങ്ങളിലും പാണ്ഡ്യ ടീമിന്റെ രക്ഷകനായിട്ടുണ്ട്. മികച്ച ഫോമിൽ കളിച്ചിരുന്ന പാണ്ഡ്യയുടെ മൈതാനത്തെ ആക്രമണോൽസുകത എതിർ ടീമുകൾക്ക് സ്ഥിരമായി വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയായിരുന്നു. 2021 ടി 20 ലോകകപ്പിന് ശേഷം താരം ടീമിന് വേണ്ടി കളിച്ചിട്ടുണ്ടായിരുന്നില്ല. ഒരു സർജറിക്കായിട്ടാണ് പാണ്ഡ്യ ടീമിൽ നിന്ന് ആദ്യം മാറി നിന്നത്. പക്ഷെ പാണ്ഡ്യയുടെ നീണ്ട അസാന്നിധ്യം പല തരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതാവാം എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോൾ ടീമിൽ നിന്നെടുത്ത ഇടവേളയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഹർദിക് പാണ്ഡ്യ. ‘ഞാന്‍ സ്വയം മാറിനില്‍ക്കുകയായിരുന്നു എന്ന് അധികമാര്‍ക്കും അറിയില്ല. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് എന്ന തെറ്റിദ്ധാരണയുണ്ട്. താരം ലഭ്യമാകുമ്പോള്‍ മാത്രമേ മാറ്റിനിര്‍ത്താനാകൂ. എന്നാല്‍ ഞാന്‍ നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇടവേള അനുവദിച്ചതിനും ഉടനടി തിരിച്ചുവരവിന് നിര്‍ബന്ധിക്കാതിരുന്നതിനും ബിസിസിഐക്ക് ഞാന്‍ നന്ദിയറിയിക്കുകയാണ്. അതിനാലാണ് എനിക്ക് പഴയ പ്രതാപത്തോടെ തിരിച്ചെത്താന്‍ കഴിഞ്ഞത്.’ തന്റെ ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ് പങ്കുവെച്ച വിഡിയോയിൽ പാണ്ഡ്യ പറഞ്ഞു.

Read More: ‘കോലി പഴയ കോലി ആവും, ഇംഗ്ലണ്ടിൽ പഴയ ഫോമിലേക്ക് തിരിച്ചെത്തും’; കോലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്‌ഹറുദ്ദീന്‍

അതേ സമയം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച സ്വന്തം ആരാധകർക്ക് മുൻപിൽ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ കിരീടം നേടുകയായിരുന്നു ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്.

Story Highlights: Hardik pandya about his long absence from indian cricket team