പക്ഷെ അതാണ് സുശിലിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം: ‘777 ചാർലി’ കണ്ടപ്പോൾ അവളെക്കുറിച്ച് എഴുതണം എന്ന് തോന്നി…
തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത ചിത്രമാണ് 777 ചാർലി. നായയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രം കാഴ്ചക്കാരുടെ മുഴുവൻ ഉള്ളുലയ്ക്കും എന്നാണ് സിനിമ കണ്ടവർ ഓരോരുത്തരും പറയുന്നത്. മനുഷ്യരോട് ഏറ്റവും ചങ്ങാത്തമുള്ള വളർത്തുമൃഗം നായയാണ്. പലപ്പോഴും നായയ്ക്ക് ഉടമകളോടുള്ള സ്നേഹത്തിന്റെയും ഉടമകളുടെ നായപ്രേമത്തിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ 777 ചാർലി കണ്ടതുമുതൽ തങ്ങളുടെ സുശീലിനെക്കുറിച്ചും ഏറെ പറയാനുണ്ടെന്ന് പറയുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
നയന നമ്പ്യാർ എന്ന പെൺകുട്ടി പങ്കുവെച്ച കുറിപ്പ് വായിക്കാം.
സുശിൽ..
ആദ്യമായി ഒരു സന്ധ്യക്കാണ് സുശിലിനെ ഞങ്ങളുടെ അയൽവാസി അക്ക കൊണ്ടു വന്നത്.. വീട് മാറി വന്നതിന്റെ അങ്കലാപ്പും വീട്ടിൽ നേരത്തെ ഉണ്ടായിരുന്ന മെയിൽ ലാബ് പപ്പുവും ആയി ചെറിയ ഉടക്കും ഒക്കെ ആയിരിക്കുന്ന ഒരു ഫീമെയിൽ ലാബിനെ ആണ് ഞങ്ങൾ കണ്ടത്.. സാഹചര്യവുമായി ഇണങ്ങാൻ അവളല്പം സമയം എടുത്തു.
സുശിലിനൊരു കഥയുണ്ട്..
അവളുടെ പഴയ ഓണർ എങ്ങനെ ഒക്കെ ഒരു ലാബ് ഇനത്തിൽ പെട്ട ഒരു പട്ടിയെ അനാരോഗ്യകരമായി വളർത്താമോ അങ്ങനെ ഒക്കെ വളർത്തി നശിപ്പിച്ചു വച്ചിരിക്കുന്ന ഒരു പട്ടിയാണ് സുശിൽ എന്ന് ഒറ്റനോട്ടത്തിൽ ഏതൊരു നായപ്രേമിക്കും മനസിലാകുന്ന വിധത്തിൽ ആയിരുന്നു അവളുടെ കോലം.
പൊണ്ണത്തടി കാരണം നടക്കാൻ പോലും ബുദ്ധിമുട്ടും സ്കിൻ ഇൻഫെക്ഷനും ബെൻഡഡ് ലെഗും അങ്ങനെ ആകെപ്പാടെ ഒരു രോഗി ലുക്ക്. വീട്ടിൽ ഉള്ള പപ്പുവിനു ഒരു കൂട്ട് ആയിക്കോട്ടെ എന്ന് കരുതിയാണ് അക്ക ഇവളെ വീട്ടിലേക്ക് കൊണ്ടു വന്നത്. പപ്പുവിന് ആദ്യമൊന്നും ഇവളെ ഇഷ്ടപ്പെട്ടില്ല. അവൾക്ക് ഇവനെയും.
സുശിൽ നടക്കുന്നത് കാണുമ്പോ നമുക്ക് ക്ഷീണം വരും എന്നതാണ് അവസ്ഥ.. പതിയെ അക്കയുടെ ഡയറ്റിൽ അവൾ മെച്ചപ്പെട്ടു. ഫാസ്റ്റ് ഫുഡ് കഴിച്ചു ശീലിക്കുകയും ടോയ്ലറ്റ് ട്രെയിനിങ് ഒട്ടുമേ ഇല്ലാതെ വളർന്നതിന്റെയും പ്രശ്നങ്ങൾ പതിയെ മാറി തുടങ്ങി. പപ്പുവും സുശിയും കൂട്ടായപ്പോൾ അവരിൽ ഉണ്ടാകുന്ന പപ്പികളെ അക്ക സ്വപ്നം കണ്ടു.
പപ്പുവിന്റെ ഒരു കുട്ടിയെ എങ്കിലും വേണം എന്നുള്ളത് കാർന്നൊന്മാർ പറയുംപോലെ അക്കയുടെ ഒരു മോഹം ആയിരുന്നു. എന്നാൽ ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടു പോയപ്പോഴാണ് അവർ തിരിച്ചറിഞ്ഞത് സുശിലിന്റെ ഹെൽത്ത് വച്ചു കൺസീവ് ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ട് ഉള്ള കാര്യവും അത് അവളുടെ ജീവന് തന്നെ ആപത്തും ആയേക്കും എന്നും.
മുന്നേയുള്ള ഓണർ ഇവളെ തള്ളി കളഞ്ഞതിന്റെ കാര്യവും മറ്റൊന്നല്ല. അവർക്ക് ഡോഗ്സിനെ ബ്രീഡ് ചെയ്തു വിൽക്കുന്ന ഏർപ്പാട് ഉള്ളതായിരുന്നു. ഇവളെ അക്കയ്ക്ക് കൈമാറാൻ നേരം ആദ്യം സുശിൽ അക്കയുടെ കൂടെ പോകാൻ കൂട്ടാക്കിയില്ല ആ ഓണർ കടുപ്പിച്ചു പറഞ്ഞു “നീ ഇവരുടെ കൂടെ പോയില്ലെങ്കിൽ നിന്നെ ഞാൻ റോഡിൽ ഇറക്കി വിടും” എന്ന്.. അക്ക അവളെ സമാധാനിപ്പിച്ചു “ഉന്നെ നല്ലാ വച്ചു പാപ്പേൻ സെരിയാ?” എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവൾ മിണ്ടാതെ കൂടെ പോവുക ആയിരുന്നു.
പക്ഷെ അതാണ് സുശിലിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നത് അവൾക്ക് പിന്നീട് ബോധ്യപ്പെട്ടു കാണണം. കാരണം പിന്നീട് ആ പഴയ ഓണർ ഒരിക്കൽ മറ്റെന്തോ ആവശ്യത്തിന് വീട്ടിൽ വന്നപ്പോൾ ഇവൾ മൈൻഡ് ചെയ്തില്ലെന്ന് മാത്രമല്ല, എഴുന്നേറ്റ് മാറി പോവുകയും ചെയ്തു. സുശിലിന് ഇപ്പോഴും നല്ല തോതിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്.
സ്കിൻ, ഇൻഫെക്ഷൻ, ചെവി ഇൻഫെക്ഷൻ, കണ്ണിന് തിമിരം തുടങ്ങി അനേകം ആരോഗ്യപ്രശ്നങ്ങൾ അവൾ അനുഭവിക്കുന്നുണ്ട്. പക്ഷേ അക്കയുടെ ചെല്ലക്കുട്ടിയായി റാണിയെ പോലെ ആ വീട്ടിൽ ജീവിക്കുന്നുണ്ട്. അക്കയുടെ നിഴൽ ആയി അടുക്കളയിലും എല്ലായിടത്തും പുറകെ ഉണ്ട്. എന്തും കഴിക്കും.. പച്ചക്കറി, ഫ്രൂട്സ് തുടങ്ങി ഇലവർഗ്ഗങ്ങൾ വരെ പെരുത്തിഷ്ടമാണ്. ഒരിക്കൽ മൈലാഞ്ചി ഇല വരെ തിന്നുന്നത് കണ്ടിട്ടുണ്ട്.
അക്ക കഴിഞ്ഞാൽ എന്നെയും വളരെ ഇഷ്ടം. പക്ഷേ പുരുഷവിരോധിയാണ്. 777 ചാർലി കണ്ടപ്പോൾ സുശിലിനെ കുറിച്ച് എഴുതണം എന്ന് തോന്നി. സുശിൽ എന്ന് പൊതുവെ ഇപ്പൊ ആരും വിളിക്കാറില്ല. സൂസി എന്ന് ചുരുക്കിയാണ് വിളിക്കുന്നത്. ഞങ്ങൾ സുശീല എന്ന് മലയാളീകരിച്ചു വിളിക്കും. “ഇരിക്റ വരേക്കും ഇങ്കെ കൂടവേ ഇരുക്കട്ടും..” എന്ന് പറയുന്ന ഒരു അമ്മയെ കിട്ടി നിറയെ കൂട്ടുകാരെ കിട്ടി.. അതേ..സൂസി ഹാപ്പിയാണ്.
Story highlights: Heart-felt story of abandoned dog