അസാധ്യമായ ആലാപന മികവുമായി ശ്രീഹരി, കൂടെ പാടി ജഡ്ജസ്; പാട്ടുവേദിയിൽ അരങ്ങേറിയ അവിസ്മരണീയ മുഹൂർത്തം
പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകൻ മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച എക്കാലത്തെയും മികച്ച ഒരു ഗാനവുമായാണ് ഇത്തവണ വേദിയിലെത്തിയത്.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ കെ എസ് സേതുമാധവന്റെ ‘തോക്കുകൾ കഥ പറയുന്നു’ എന്ന ചിത്രത്തിലെ ഗാനമാണ് “പാരിജാതം തിരുമിഴി തുറന്നു..” എന്ന് തുടങ്ങുന്ന ഗാനം. 1968 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രേം നസീർ, സത്യൻ, ഷീല, ജയഭാരതി അടക്കമുള്ള ഇതിഹാസ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ദേവരാജൻ മാഷാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയതാണ് ഈ ഗാനം.
പ്രിയകവി വയലാറാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായാണ് ശ്രീഹരി ഈ ഗാനം ആലപിച്ചത്. കൊച്ചു ഗായകൻ ഗാനം ആലപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് വേദിയിലെ വിധികർത്താക്കളായ എം ജി ശ്രീകുമാറും എം ജയചന്ദ്രനും ശ്രീഹരിയുടെ കൂടെ പാടുന്നത്.
പ്രേക്ഷകർക്ക് കൗതുകമായി മാറിയ നിമിഷം വേദിയിലെ ഒരു അവിസ്മരണീയമായ മുഹൂർത്തമായി മാറുകയായിരുന്നു. ഇത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീഹരിയുടെ പാട്ടിലൂടെ അത്തരമൊരു നിമിഷത്തിനാണ് പാട്ടുവേദി വീണ്ടും സാക്ഷിയായത്.
Read More: ഇണക്കവും പിണക്കവുമായി ഇന്നുമുതൽ ‘ഉപ്പും മുളകും’ വീണ്ടും കുടുംബ സദസുകളിലേക്ക്..
എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്താറുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Judges sing along with sreehari