ഇത് കുട്ടിക്കടുവകൾക്ക്; വ്യത്യസ്തമായ പ്രൊമോഷൻ പരിപാടിയുമായി കടുവയുടെ അണിയറ പ്രവർത്തകർ, കൈയടിച്ച് ആരാധകർ
ജൂൺ 30 നാണ് പൃഥ്വിരാജ് ചിത്രം ‘കടുവ’ തിയേറ്ററുകളിലെത്തുന്നത്. പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് കടുവ. മലയാളത്തിന്റെ ആക്ഷൻ കിംഗ് ഫിലിംമേക്കർ ആയ ഷാജി കൈലാസ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കടുവയുടെ പ്രതീക്ഷകൾ വാനോളമാണ്.
ഇപ്പോൾ വ്യത്യസ്തമായ ഒരു പ്രൊമോഷൻ രീതിയിലൂടെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് കടുവ. സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള നെയിം സ്ലിപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ് കടുവയുടെ അണിയറ പ്രവർത്തകർ. വലിയ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ കടുവയുടെ ഈ പ്രൊമോഷൻ പരിപാടിക്ക് ലഭിച്ചിരിക്കുന്നത്.
നടൻ പൃഥ്വിരാജ് തന്നെയാണ് നെയിം സ്ലിപ്പിന്റെ ചിത്രം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ‘പുസ്തകങ്ങൾക്ക് പേരിടാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടിക്കടുവകൾക്കുമായി’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചത്.
അതേ സമയം പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ് കടുവ. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തു വന്ന ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റീലിസിനെത്തുന്നുണ്ട്. കടുവയുടെ മറ്റ് ഭാഷകളിലുള്ള പോസ്റ്ററുകളും പൃഥ്വിരാജ് പുറത്തു വിട്ടിരുന്നു.
പൃഥ്വിരാജ് ചിത്രമായ ആദം ജൊവാനിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Story Highlights: Kaduva promotion goes viral