‘കടുവ’ ഗർജ്ജിക്കുന്നത് അഞ്ച് ഭാഷകളിൽ; പാൻ ഇന്ത്യൻ റിലീസിനൊരുങ്ങി പൃഥ്വിരാജ് ചിത്രം

June 21, 2022

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ’യാണ് അടുത്തിടെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രം. പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം കൂടിയാണ് കടുവ. മലയാളത്തിന്റെ ആക്ഷൻ കിംഗ് ഫിലിംമേക്കർ ആയ ഷാജി കൈലാസ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കടുവയുടെ പ്രതീക്ഷകൾ വാനോളമാണ്.

ഇപ്പോൾ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തു വന്ന ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റീലിസിനെത്തുന്നുണ്ട്. കടുവയുടെ മറ്റ് ഭാഷകളിലുള്ള പോസ്റ്ററുകളും പൃഥ്വിരാജ് പുറത്തു വിട്ടു.

പൃഥ്വിരാജ് ചിത്രമായ ആദം ജൊവാനിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Read More: ജോർദാനിൽ നിന്നും മടങ്ങിയെത്തി പൃഥ്വിരാജും കുടുംബവും- സ്വീകരിച്ച് മോഹൻലാലും സുചിത്രയും

ജൂൺ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്‌സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

Story Highlights: Kaduva will release in five languages