‘മാലിക്ക്’ സംവിധായകൻ മഹേഷ് നാരായണനുമായുള്ള ചിത്രം ഉടനുണ്ടാവും, സ്ക്രിപ്റ്റിംഗ് പൂർത്തിയായി’; വലിയ പ്രഖ്യാപനവുമായി കമൽ ഹാസൻ

June 4, 2022

മലയാളത്തിലെ പുതുതലമുറയിലെ മുൻനിര സംവിധായകരിലൊരാളാണ് മഹേഷ് നാരായണൻ. ‘ടേക്ക് ഓഫ്’, ‘സീ യൂ സൂൺ’, ‘മാലിക്ക്’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ മഹേഷ് കമൽ ഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റർ കൂടിയായ മഹേഷാണ് കമൽ ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രമായ വിശ്വരൂപത്തിന്റെ എഡിറ്റർ.

ഇപ്പോൾ പ്രേക്ഷകർക്ക് വലിയ ആവേശം നൽകുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. മഹേഷ് നാരായണനുമായി അടുത്ത് തന്നെ ഒരു ചിത്രം ഉണ്ടാവുമെന്നാണ് കമൽ ഹാസൻ പറയുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായ ചിത്രം ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് കമൽ ഹാസൻ പറയുന്നത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണനൊപ്പമുള്ള സിനിമയെ പറ്റി കമൽ ഹാസൻ പറഞ്ഞത്. “എനിക്ക് മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്‌മെന്റുണ്ട്. സിനിമാറ്റോഗ്രാഫറെന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും എന്റെയൊപ്പമാണ് മഹേഷ് കരിയര്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് തമ്മില്‍ നന്നായി അറിയാം. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓ​ഗസ്റ്റ് ആദ്യമോ ചിത്രം തുടങ്ങും.”

അതേ സമയം ഇന്നലെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ കമൽ ഹാസന്റെ ‘വിക്രം’ മികച്ച പ്രതികരണം നേടിയാണ് പ്രദർശനം തുടരുന്നത്. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ പ്രേക്ഷകർക്ക് മികച്ച സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയിരിക്കുന്നത്.

Read More: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി സംവിധായകൻ ലോകേഷ് കനകരാജ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. താരങ്ങളെ കൊണ്ട് നിറഞ്ഞു നിന്ന ചിത്രത്തിൽ ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും നൽകി അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിമനോഹരമായാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് നിർവഹിച്ചിരിക്കുന്നത്.

Story Highlights: Kamal hasan about next movie with mahesh narayanan