‘ആ പ്രതിജ്ഞ നിറവേറ്റപ്പെട്ടു’; തിയേറ്ററുകളിൽ 50 ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങി കെജിഎഫ് 2, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയത്തിന് പ്രേക്ഷകരോട് നന്ദി അറിയിച്ച് നിർമ്മാതാക്കൾ

June 2, 2022

റിലീസ് ചെയ്‌ത്‌ രണ്ട് മാസങ്ങളോളം ആയെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് കന്നഡ ചിത്രമായ ‘കെജിഎഫ് 2.’ ഇൻഡ്യയൊട്ടാകെയുള്ള തിയേറ്ററുകളെ ഇളക്കിമറിച്ചാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. പല ബോക്സോഫീസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ‘കെജിഎഫ് 2’ വിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇന്ടസ്ട്രികളിൽ മികച്ച കളക്ഷനാണ് ആദ്യ ദിനം നേടിയത്.

ഇപ്പോൾ ചിത്രം തിയേറ്ററുകളിൽ 50 ദിനങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയൊട്ടാകെ 390 തിയേറ്ററുകളിലും വിദേശത്ത് 10 ലധികം തിയേറ്ററുകളിലുമാണ് ചിത്രം 50 ദിവസം പൂർത്തിയാക്കുന്നത്. ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ 48 ദിവസം പൂർത്തിയാക്കിയിട്ടുണ്ട്.

‘കെജിഎഫ് 2’ 50 ദിനങ്ങൾ പൂർത്തിയാക്കിയതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ‘ഈ സുപ്രധാനമായ നാഴികക്കല്ല് പിന്നിടാൻ കൂടെ നിന്നതിന് നന്ദി. ഒരിക്കൽ ഒരു പ്രതിജ്ഞ നൽകപ്പെട്ടു, ഇപ്പോൾ ആ പ്രതിജ്ഞ നിറവേറ്റപ്പെട്ടു. ഈ വലിയ വിജയത്തിനും ഉപാധികളില്ലാത്ത സ്നേഹത്തിനും നന്ദി.’ ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്‌തു.

അതേ സമയം ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടനെ തന്നെ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ വർഷം ഒക്ടോബറോടെ കെജിഎഫ് ചാപ്റ്റർ 3 യുടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂര്‍ പറഞ്ഞത്.

Read More: രാജസ്ഥാൻ റോയൽസിന്റെ 250–ാം നമ്പർ ജേഴ്‌സിയിൽ ഇനി സുരേഷ് ഗോപി; സ്നേഹോപഹാരത്തിന് സഞ്ജു സാംസണും ടീമിനും നന്ദി പറഞ്ഞ് നടൻ

നേരത്തെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ പ്രഭാസ് നായകനാവുന്ന ‘സലാർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സംവിധായകൻ പ്രശാന്ത് നീൽ. ഒക്ടോബറിന് മുൻപ് പ്രശാന്തിന് സലാറിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നും അതിന് ശേഷം ചാപ്റ്റർ 3 യുടെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് കിരഗന്ദൂര്‍ പറഞ്ഞിരുന്നു.

Story Highlights: Kgf 2 about to complete 50 days in theatres