അത്രയേ ഞാൻ ചെയ്തുള്ളുവെന്ന് വൈഗക്കുട്ടി, വയലൻസ് ഇഷ്ടമല്ലെന്ന് മീനൂട്ടിയും- കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയും കെജിഎഫിലെ റോക്കി ഭായ്‌യും നേർക്കുനേർ, ചിരി വിഡിയോ

June 2, 2022

കുഞ്ഞുപാട്ടുകാരുടെ കളിചിരികൾക്കൊപ്പം രസകരമായ ഒട്ടനവധി നിമിഷങ്ങൾ പിറവികൊള്ളുന്നതാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. കുരുന്നുകളുടെ നിഷ്കളങ്കമായ വർത്തമാനങ്ങൾക്കൊപ്പം ചിലപ്പോഴൊക്കെ വിധികർത്താക്കളും കൊച്ചുപാട്ടുകാരും ചേർന്ന് രസകരമായ നിമിഷങ്ങളും ഈ വേദിയിൽ ഒരുക്കാറുണ്ട്. ഇത്തവണ പാട്ടുപാടാൻ എത്തിയ വൈഗാലക്ഷ്മിയുടെ രസകരമായ പെർഫോമൻസാണ് വേദിയിൽ ചിരി നിറയ്ക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രം ‘കിലുക്ക’ത്തിലെ ‘ഊട്ടി പട്ടണം’ എന്ന പാട്ട് പാടാനാണ് വൈഗക്കുട്ടി എത്തിയത്. പാട്ട് പാടാൻ വേദിയിലെത്തിയ കുഞ്ഞുമോൾ ചിത്രത്തിലെ രേവതിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന നന്ദിനി തമ്പുരാട്ടിയുടെ ഹിറ്റ് ഡയലോഗുകൾ കൂടി അവതരിപ്പിച്ചതോടെ പാട്ട് വേദിയിൽ ആഘോഷമായി.

കിലുക്കത്തിലെ തന്നെ രേവതിയുടെ എക്കാലത്തെയും കോമഡി ഡയലോഗ് പ്രധാനമന്ത്രിയായ അങ്കമാലിയിലെ അമ്മാവനെ പരിചയപ്പെടുത്തുന്നതും ഹോട്ടൽ റൂമിൽ വഴക്കുണ്ടാക്കുമ്പോൾ പറയുന്ന രസകരമായ ഡയലോഗുമൊക്കെ അതുപോലെത്തന്നെ രസകരമായി വേദിയിൽ അവതരിപ്പിക്കുന്നുണ്ട് വൈഗക്കുട്ടി, ഹോട്ടൽ റൂമിൽ വെച്ച് ഇത്രയേ ഞാൻ ചെയ്തുള്ളുവെന്ന് പറഞ്ഞ് നിർത്തുന്ന വൈഗയുടെ മുന്നിലേക്ക് ഇവിടെ മുഴുവനും വയലൻസ് ആണല്ലോയെന്ന് പറഞ്ഞുകൊണ്ട് കെജിഎഫിലെ ഹിറ്റ് ഡയലോഗ് പറയുകയാണ് മീനാക്ഷി.

‘വയലൻസ്..വയലൻസ് വയലൻസ്.. ഐ ഡോണ്ട് ലൈക്ക് വയലൻസ്’ എന്നാണ് മീനൂട്ടി വേദിയിൽ പറയുന്നത്. ഇതോടെ പൊട്ടിച്ചിരി നിറയുകയാണ് പാട്ട് വേദിയിൽ. മീനൂട്ടിയുടെയും വൈഗക്കുട്ടിയുടെയും രസകരമായ വർത്തമാനങ്ങൾക്കിടെയിലേക്ക് ‘വട്ടാണല്ലേ..’ എന്ന കിലുക്കത്തിലെ ഡയലോഗുമായി വിധികർത്താക്കളും എത്തുന്നുണ്ട്. ഇതോടെ സംഗീതത്തിന്റെ മാന്ത്രികത മുഴങ്ങിക്കേൾക്കുന്ന ഫ്‌ളവേഴ്സ് ടോപ് സിംഗർ വേദിയിൽ പൊട്ടിച്ചിരികളും ഉയർന്നു.

അതേസമയം ഊട്ടി പട്ടണം.. പോട്ടി കട്ടണും സൊന്നാ വാടാ.. എന്ന പാട്ട് ഗംഭീരമായി പാടി നൂറിൽ നൂറ് മാർക്കും നേടി ഈ കുഞ്ഞുമിടുക്കി. സിനിമയിൽ ഈ ഗാനം ആലപിച്ച സാക്ഷാൽ എംജി ശ്രീകുമാറിന് മുന്നിലാണ് ഈ കുരുന്ന് ഈ ഗംഭീരപ്രകടനം കാഴ്ചവെച്ചിരിക്കുന്നത് എന്നതും ഏറെ ആകർഷകമാണ്.

Story highlights: Kilukkam and kgf funny dialogue says Meenakshi and Vaiga