ഇന്നലെ നീയൊരു… ഗംഭീരമായി പാടി അസ്‌ന; അമ്മയുടെ ഓർമ്മകളിൽ എം ജയചന്ദ്രൻ…

June 22, 2022

പ്രേക്ഷകരെ പാട്ടിന്റെ മാന്ത്രിക ലോകത്തേക്ക് എത്തിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായിക അസ്‌ന. തിരഞ്ഞെടുക്കുന്ന പാട്ടുകളിൽ എപ്പോഴും വ്യത്യസ്തത കാത്തുസൂക്ഷിക്കുന്ന ഗായിക കൂടിയാണ് അസ്‌ന. ഇത്തവണ മുതിർന്ന ഗായകർ പോലും പാടാൻ മടിക്കുന്ന അല്പം ബുദ്ധിമുട്ടുള്ള പാട്ട് അസാധ്യമായി പാടി കേൾവിക്കാരെ മുഴുവൻ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയാണ് ഈ മിടുക്കി ഗായിക. ‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു… ‘ എന്ന പഴയകാല ഗാനമാണ് ഈ കുഞ്ഞുമിടുക്കി വേദിയിൽ ആലപിക്കുന്നത്.

സ്ത്രീ എന്ന ചിത്രത്തിലെ ഈ ഗാനം ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടത്. പി ഭാസ്കരൻ മാസ്റ്ററിന്റെ വരികൾക്ക് വി ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഗാനം ഒരുകാലത്ത് മലയാള ചലച്ചിത്രഗാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിൽ ഒന്ന് കൂടിയാണ്.

അതേസമയം വേദിയിൽ ഈ ഗാനം കേട്ടതോടെ പഴയകാല ഓർമ്മകളിലേക്ക് താൻ തിരികെ പോയെന്ന് പറയുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ വിധികർത്താവും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ. തന്റെ ചെറുപ്പകാലത്ത് അമ്മയുടെയും അച്ഛന്റെയും സുഹൃത്തുക്കൾ അമ്മ ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരാറുണ്ടായിരുന്നുവെന്നും, ആ സമയങ്ങളിൽ അവർ കൂടുതലായും പാടിക്കൊണ്ടിരുന്ന ഗാനമാണ് ഇതെന്നും പറയുകയാണ് എംജെ. അതുകൊണ്ടുതന്നെ അസ്‌ന ഈ ഗാനം പാടുമ്പോൾ താൻ അമ്മയുടെ ഓർമ്മകളിൽ നിറയുകയാണ് എന്നാണ് എംജെ പറയുന്നത്.

Read also; നിരഞ്ജനയ്ക്കൊപ്പം നൃത്തച്ചുവടുകളുമായി റംസാൻ; ത്രസിപ്പിക്കുന്ന വിഡിയോ

എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story highlights: M Jayachandran’s emotional memories of mother