ഒരുസെക്കന്റിന്റെ വ്യത്യാസത്തിൽ കുതിരയെ ഓടി തോൽപ്പിച്ച് യുവാവ്! താണ്ടിയത് 35 കിലോമീറ്റർ
കുതിരശക്തി എന്നത് വേഗതയുടെയും കരുത്തിന്റെയുമൊക്കെ പ്രതീകമാണ്. കുതിരയെ ഓടിത്തോൽപ്പിക്കാൻ സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, കുതിരയെ ഓടി തോൽപ്പിച്ച് താരമായിരിക്കുകയാണ് ഒരു യുവാവ്.
ഒരു ബ്രിട്ടീഷ് ഓട്ടക്കാരനാണ് കുതിരയോട് 35 കിലോമീറ്റർ ഓട്ടത്തിൽ വിജയിച്ചത്. ശനിയാഴ്ച വെയിൽസിലെ ലാൻവർട്ടിഡ് വെൽസിൽ നടന്ന മാൻ വി കുതിരയോട്ടത്തിൽ ഇതോടെ വിജയിക്കുന്ന മൂന്നാമത്തെ വ്യക്തിയായി മാറി റിക്കി ലൈറ്റ്ഫൂട്ട്. ഇംഗ്ലണ്ടിലെ കുംബ്രിയയിലെ ഡിയർഹാം ഗ്രാമത്തിൽ നിന്നുള്ള 37 കാരനായ അഗ്നിശമന സേനാംഗമാണ് 35 കിലോമീറ്റർ ഓട്ടം രണ്ട് മണിക്കൂർ 22 മിനിറ്റ് 23 സെക്കൻഡിൽ പൂർത്തിയാക്കി വിജയം കൈവരിച്ചത്.
ലെയ്ൻ ഹൗസ് ബോയ് എന്ന് പേരിട്ടിരിക്കുന്ന കുതിര രണ്ട് മണിക്കൂർ 24 മിനിറ്റ് 24 സെക്കൻഡിലാണ് റൈഡർ കിം അൽമാനൊപ്പം പൂർത്തിയാക്കിയത്. 2007-ൽ ഫ്ലോറിയൻ ഹോൾട്ടിംഗറാണ് അവസാനമായി കുതിരയുമായുള്ള മത്സരത്തിൽ വിജയിച്ചത്.
1980-കളിൽ രണ്ട് പേർ ദീർഘദൂര ഓട്ടമത്സരത്തിൽ ഒരു കുതിരയെ തോൽപ്പിക്കാൻ മനുഷ്യൻ കഴിയുമോ എന്ന് വാതുവെച്ചതിന് ശേഷമാണ് ഈ മത്സരം ആരംഭിച്ചത്. ഓട്ടത്തിൽ ആദ്യമായി വിജയിച്ച മനുഷ്യൻ ഹ്യൂ ലോബ് ആയിരുന്നു. 2004-ൽ രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് ഏറ്റവും വേഗതയേറിയ കുതിരയെ ഓടി തോൽപ്പിച്ചു. അതേസമയം, 60 കുതിരകളും സവാരിക്കാരും അടങ്ങുന്ന ടീമിനെതിരെ 1200 പേർ മത്സരത്തിൽ പങ്കെടുത്തു.
Story highlights- Man wins 35 km race against horse